കുടുംബം; മഹല്ലുകൾക്ക് ഒരു മാർഗരേഖ

അനന്തരാവകാശ നിയമം

ഇസ്‌ലാമിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലൊന്നാണ് അനന്തരാവകാശ നിയമം. ഒരാൾ തന്റെ മരണത്തോടെ വിട്ടു പോകുന്ന ധനത്തിൽനിന്ന്, ജനാസ സംസ്‌കരണത്തിനും കടബാധ്യതകൾ വീട്ടുന്നതിനും നീതിയുക്തവും മൂന്നിലൊന്നിൽ കൂടാത്തതുമായ വസ്വിയ്യത്തിനും ശേഷം, അനന്തരാവകാശികൾക്ക് അവകാശപ്പെട്ട ധനമാണ് അനന്തരാവകാശ സ്വത്ത്. ധനമോ അതുമായി ബന്ധപ്പെട്ടതോ ആയ സമ്പത്തിൽ മാത്രമേ ഈ അവകാശം നിലനിൽക്കുകയുള്ളൂ. രക്തബന്ധം, വൈവാഹിക ബന്ധം, അടിമ ഉടമ ബന്ധം എന്നീ മൂന്ന് ബന്ധങ്ങളിൽ ഏതെങ്കിലുമൊന്ന് പരേതനുമായി ശേഷക്കാരന് ഉണ്ടാകുമ്പോഴാണ് അയാൾ അനന്തരാവകാശത്തിന് അർഹനാകുന്നത്. ഇസ്‌ലാമിലെ ദായനിയമങ്ങൾ അന്യൂനവും സമ്പൂർണവുമാണ്.

പരേതനുമായി കൂടുതൽ അടുപ്പമുള്ളവർക്കാണ് അനന്തരാവകാശത്തിൽ മുൻഗണന. രക്തബന്ധത്തിൽ പ്രഥമസ്ഥാനം മക്കൾക്കും മാതാപിതാക്കൾക്കുമാണ്. പിന്നീടവർ വഴി പരേതനോട് ഏറ്റവും അടുത്തവർ, ശേഷം അടുത്തവർ എന്ന ക്രമത്തിലായിരിക്കും അവകാശികൾക്ക് ദായധനം ലഭിക്കുക.

ദായധനം, അനന്തരമെടുക്കുന്നവൻ, അനന്തരമെടുക്കപ്പെടുന്നവൻ എന്നീ മൂന്ന് ഘടകങ്ങളിലാണ് അനന്തരാവകാശം സ്ഥാപിതമായിരിക്കുന്നത്. പരേതന്റെ മരണ സമയത്ത് അനന്തരമെടുക്കുന്നവൻ ജീവിച്ചിരിക്കണം, പരേതനുമായി അനന്തരാവകാശബന്ധം സ്ഥാപിതമാകണം, അനന്തരാവകാശത്തെ തടയുന്ന കാരണങ്ങൾ ഇല്ലാതിരിക്കണം എന്നിവ ഇതിന്റെ ഉപാധികളാണ്. പരേതന്റെ മരണ സമയത്ത് ജീവിച്ചിരിക്കുന്നവർക്ക് മാത്രമേ ദായധനത്തിന് അവകാശമുള്ളൂ. ഒരാളുടെ മരണത്തോടെ മാത്രമേ അയാളുടെ ധനം ദായധനമാവുകയുമുള്ളൂ. അതിനാൽ വ്യക്തി ജീവിച്ചിരിക്കെ മക്കൾക്കും അവകാശികൾക്കും അയാളുടെ സമ്പത്ത് വീതിച്ചു നൽകുകയാണെങ്കിൽ അത് ദായധനമായി പരിഗണിക്കപ്പെടുകയില്ല. മേൽ സൂചിപ്പിച്ച അനന്തരാവകാശബന്ധം സ്ഥാപിതമായെങ്കിലേ അവകാശം ലഭിക്കുകയുള്ളൂ. അനന്തരാവകാശസ്വത്തിൽ സ്ത്രീയുടെ ഇരട്ടി ലഭിക്കുന്ന പുരുഷന്മാർക്കാണ് സ്ത്രീകളുടെ പൂർണ സംരക്ഷണ ബാധ്യത ഇസ്‌ലാം ഏല്പിക്കുന്നത്.

ദായധനം തടയുന്ന കാരണങ്ങൾ ഇല്ലാത്തവർ മാത്രമാണ് ദായധനത്തിന് അവകാശിയാകുന്നത്. അനന്തരാവകാശമെടുക്കപ്പെടുന്നവന്റെ ഘാതകൻ അയാളുടെ സ്വത്തിൽ അനന്തരാവകാശമില്ല. കൊല ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അനന്തരാവകാശം തടയപ്പെടും.

ദായധനത്തിന്റെ റുക്‌നുകൾ ദായധനത്തിന്റെ റുക്‌നുകൾ മൂന്നെണ്ണമാണ്.

  1. മൂവർറിസ്: ദായധനത്തി(തരികത്ത്) ന്റെ

ഉടമസ്ഥനായിരുന്ന പരേതൻ

  1. വാരിസ്: ദായധനം അനന്തരമെടുക്കുന്നവൻ (അനന്തരാവകാശി)
  2. ഹഖുൽ മൗറൂസ്: അന്തരമെടുക്കപ്പെടുന്ന സ്വത്ത് (തരികത്ത്) എന്നിവയാണത്.

പിന്തുടർച്ചാവകാശത്തിന്റെ നിബന്ധനകൾ അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണം സ്ഥിരീകരിക്കപ്പെടുക. അനന്തരമെടുക്കുന്ന വ്യക്തി, അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണ സമയത്ത്' ജീവിച്ചിരിക്കുക. (ഒരാൾ മരണപ്പെട്ട് ഏതാനും നിമിഷങ്ങൾക്ക് ശേഷം അവകാശി മരണപ്പെട്ടാൽ ആദ്യം മരിച്ച ആളുടെ സ്വത്തിന്റെ ഒരു വിഹിതത്തിന് അവകാശിയായിക്കൊണ്ടായിരിക്കും രണ്ടാമത്തെയാൾ മരിക്കുന്നത്). അനന്തരാവകാശിയും അവകാശം എടുക്കപ്പെടുന്ന വ്യക്തിയും തമ്മിലുള്ള അനന്തരബന്ധം സ്ഥിരീകരിക്കപ്പെടുക.

കുടുംബത്തിലെ അനന്തരാവകാശികൾ മൂന്ന് ഇനമാകുന്നു

  1. ഉസ്വൂൽ: മയ്യിത്ത് ഏത് പാരമ്പര്യത്തിൽ നിന്നാണോ ജന്മമെടുത്തത് അവരാണ് ഉസൂൽ. പിതാവ്, പിതാവില്ലെങ്കിൽ പിതാമഹൻ, പിതൃപരമ്പരയിലെ പിതാമഹാൻമാർ, പിതാമഹിമാർ, മാതാവ്, മാതാമഹിമാർ എന്നിവരാണ് ഉസൂൽ കൊണ്ടുള്ള വിവക്ഷ. അടുത്ത ബന്ധുവുണ്ടെങ്കിൽ അകന്ന ബന്ധുവിന് സ്വത്ത് ലഭിക്കുകയില്ല. ഉദാഹരണമായി പിതാവുണ്ടെങ്കിൽ പിതാമഹന് സ്വത്ത് ലഭിക്കുകയില്ല. പിതൃപരമ്പരയിൽ ഇടക്ക് സ്ത്രീ വന്നാൽ ആ സ്ത്രീയുടെ പിതാവായ പിതാമഹന് ദായധനം ലഭിക്കുകയില്ല. ഉദാ: പിതാവിന്റെ ഉമ്മയുടെ ഉപ്പ. അതുപോലെ മാതൃ പരമ്പരയിൽ പുരുഷൻ വന്നാൽ അയാൾക്കും അയാളുടെ മാതാവായ മാതാമഹിക്കും അനന്തരാവകാശത്തിന് അർഹതയില്ല. ഉദാഹരണം: ഉമ്മയുടെ ഉപ്പയും അയാളുടെ ഉമ്മയും.
  2. ഫുറൂഅ് (ശാഖകൾ): മരണമടഞ്ഞ വ്യക്തിയിൽനിന്ന് (പാരമ്പര്യത്തിൽ) ജനിച്ചുണ്ടായവർ: പരേതൻ്റെ ആൺമക്കളും പെൺമക്കളും, ആൺ മക്കളുടെ ആൺമക്കളും പെൺമക്കളും, പൗത്രന്മാരുടെ ആൺമക്കളും പെൺമക്കളും ആണ് അനന്തരാവകാശികളായ ഫുറൂഅ്.
  3. അൽഹവാശി: പരേതന്റെ ഉസ്വൂലിൽനിന്ന് പിറന്ന പാർശ്വബന്ധുക്കളാണ് ഹവാശിയുടെ വിവക്ഷ. ഉദാ: സഹോദരന്മാർ. ഇവർ മൂന്ന് വിഭാഗമാണ്. (1). മാതാവും പിതാവും ഒത്ത (പൂർണ്ണ) സഹോദരന്മാർ (ബനുൽ അഅ്‌യാൻ), (2). പിതാവ് മാത്രമൊത്ത സഹോദരന്മാർ (ബനുൽ അലാത്), (3). മാതാവ് ഒത്ത സഹോദരൻ (ബനുൽ അഖ്‌യാഫ്). കൂടാതെ പൂർണ്ണ സഹോദരന്മാരുടെയും പിതാവൊത്ത (അർദ്ധ) സഹോദന്മാരുടെയും ആൺമക്കൾ, പിതൃസഹോദരന്മാർ, അവരുടെ ആൺമക്കൾ എന്നിവരും പാർശ്വ ബന്ധുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടും.

അവകാശികൾ രണ്ട് വിഭാഗമാണ്

  1. അംശാവകാശികൾ അഥവാ നിശ്ചിത ഓഹരി കണക്കാക്കപ്പെട്ടവർ. ഇവർക്ക് اهل الفروض (നിശ്ചിത ഓഹരിക്കാർ) എന്ന് പറയുന്നു. ഇവരുടെ നിശ്ചിത ഓഹരിയിൽ ഏറ്റക്കുറവ് വരികയില്ല.
  2. ശിഷ്ടാവകാശികൾ അഥവാ ഒരു ക്ലിപ്തമായ ഓഹരി നിശ്ചയിക്കപ്പെടാത്തവർ. ഇവർക്ക് العصبة (അസ്വബഃ) എന്ന് പറയുന്നു. നിശ്ചിത ഓഹരിക്കാർക്ക് കൊടുത്തു കഴിഞ്ഞതിനു ശേഷം ബാക്കി വരുന്നത് ഇവർക്കായിരിക്കും. നിശ്ചിത ഓഹരിക്കാർ ആരും ഇല്ലെങ്കിൽ സ്വത്ത് മുഴുവൻ ഇവർക്ക് ലഭിക്കുകയും ചെയ്യും. പുത്രൻ, പൗത്രൻ, പിതാവ്, സഹോദരൻ, സഹോദരപുത്രൻ, പിതൃവ്യൻ, പിതൃവ്യപുത്രൻ എന്നിങ്ങനെ പരേതനുമായി കുടുംബ ബന്ധത്തിൽ കൂടുതൽ അടുത്തവരായിരിക്കും ഇവർ. ചില സന്ദർഭങ്ങളിൽ ഇവരിൽ ചിലർക്ക് ഒരു നിശ്ചിത ഓഹരി ( فرض ) ലഭിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റു ഓഹരിക്കാരുടെ അവകാശങ്ങൾ കഴിച്ച് ബാക്കിയുണ്ടെങ്കിൽ അത് കൂടി ലഭിച്ചുവെന്നുവരും. അഥവാ ഒരാൾക്ക് രണ്ട് നിലക്കുള്ള അവകാശവും ഉണ്ടായിരിക്കുവാൻ സാധ്യതയുള്ള സന്ദർഭവും ഉണ്ടാവാമെന്ന് സാരം. ഉദാഹരണം: പിതാവ്, മാതാവ്, മകൾ. പിതാവിൻ്റെ 1/6, മാതാവിൻ്റെ 1/6, മകളുടെ 1/2 ഇവ കഴിച്ചാൽ 1/6 ബാക്കി വരും. ഇത് പിതാവിന് അവകാശപ്പെട്ടതാണ്.

മാതാപിതാക്കളുടെയും മക്കളുടെയും അവകാശം ഒരാൾക്ക് അവകാശികളായി ആൺമക്കൾ മാത്രമാണെങ്കിൽ സ്വത്ത് മുഴുവൻ അവർക്കായിരിക്കും. അവർ ഒന്നിലധികമുണ്ടെങ്കിൽ സ്വത്ത് അവർ സമമായി ഭാഗിച്ചെടുക്കണം. നിശ്ചിത ഓഹരിക്കാർ വേറെയുണ്ടെങ്കിൽ അവരുടേത് കഴിച്ച് ബാക്കിയായിരിക്കും ഇവർക്കുള്ളത് ആൺമക്കളില്ലാത്തപ്പോൾ ഒരു മകൾ മാത്രമേയുള്ളൂവെങ്കിൽ അവൾക്ക് പകുതിയും ഒന്നിലധികം പേരുണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ട് (2/3) അംശവും ലഭിക്കും. മക്കൾ ആണും പെണ്ണും ഉണ്ടായിരുന്നാൽ സ്ത്രീയുടെ ഇരട്ടി പുരുഷന് എന്ന തോതിൽ ഭാഗിക്കണം. നിശ്ചിത ഓഹരിക്കാർ വേറെയുണ്ടെങ്കിൽ അവരുടേത് കഴിച്ച് ബാക്കിയും, ഇല്ലെങ്കിൽ മുഴുവൻ സ്വത്തും അവർ ഇപ്രകാരം ഭാഗിച്ചെടുക്കേണ്ടതാണ്.

മക്കൾ ഉള്ളപ്പോൾ -അവർ ആണോ പെണ്ണോ, ഒന്നോ അധികമോ ആവട്ടെ – മാതാവിനും പിതാവിനും ആറിലൊന്ന് (1/6) ആണ് ഓഹരി. എന്നാൽ, പുത്രനില്ലാതിരിക്കെ മറ്റു ഓഹരിക്കാരുടേത് കഴിച്ച് വല്ലതും ബാക്കിയുണ്ടാകുന്നപക്ഷം അതും മുകളിലെ ഉദാഹരണത്തിൽ കണ്ടതു പോലെ പിതാവിന്ന് ലഭിക്കും. മാതാവിന്റെ വിഹിതം ആറിലൊന്ന് (1/6) ആകുന്നു. സന്താനമോ, സഹോദരീ സഹോദരങ്ങളായി ഒന്നിലധികം ആളുകളോ ഇല്ലാതിരിക്കുന്ന പക്ഷം മാതാവിന്റെ അവകാശം മൂന്നിലൊന്ന് (1/3) ആയി ഉയരുന്നതാണ്.

സഹോദരീ സഹോദരങ്ങളായി ഒന്നിലധികം പേരുണ്ടെങ്കിൽ മാതാവിന് ആറിലൊന്ന് (1/6) മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ രണ്ടവസരത്തിലും നിശ്ചിത ഓഹരിക്കാരുടേത് കഴിച്ചു വല്ലതും ബാക്കിവരുന്ന പക്ഷം അത് പിതാവിന് (അസ്വബഃയായി) ലഭിക്കുകയും ചെയ്യും.

പരേതന് മക്കളില്ലെങ്കിൽ മക്കളുടേതിന് തുല്യമായ ഓഹരികളാണ് സഹോദരീ സഹോദരന്മാർക്ക് ലഭിക്കുന്നത്. അഥവാ ഒരു സഹോദരിക്ക് 1/2 ഉം ഒന്നിൽ കൂടുതൽ സഹോദരിമാർക്ക് 2/3 ഉം, സഹോദരന്മാരും സഹോരിദമാരും ഉണ്ടെങ്കിൽ 2:1 എന്ന അനുപാതത്തിലും ആണ് സ്വത്ത് വിതരണം ചെയ്യപ്പടുക. സഹോദരന്മാർ മാത്രമാണെങ്കിൽ അംശാവകാശക്കാരുടെ വിഹിതങ്ങൾ കഴിച്ചു ബാക്കിയുള്ളതും അവരില്ലെങ്കിൽ മുഴുവൻ സ്വത്തും അവർക്ക് ലഭിക്കും.

ഭാര്യാ ഭർത്താക്കന്മാർ പരേതയായ ഭാര്യക്ക് തന്നിൽനിന്നോ മറ്റ് ഭർത്താക്കന്മാരിൽ നിന്നോ സന്താനങ്ങൾ ഇല്ലെങ്കിൽ ഭർത്താവിന് അവളുടെ സ്വത്തിൻ്റെ 1/2 ഉം ഉണ്ടെങ്കിൽ 1/4 ഉം ലഭിക്കും. പരേതനായ ഭർത്താവിന് തന്നിലോ മറ്റ് ഭാര്യമാരിലോ സന്താനങ്ങളുണ്ടെങ്കിൽ ഭാര്യക്ക് അയാളുടെ സ്വത്തിൻ്റെ 1/8 ഉം ഇല്ലെങ്കിൽ 1/4ഉം ലഭിക്കും.

മരണപ്പെട്ട വ്യക്തിയുടെ വസ്വിയ്യത്തും കടവുമുണ്ടെങ്കിൽ അത് കഴിച്ച് ബാക്കിവരുന്ന സ്വത്ത് മാത്രമേ അവകാശികൾക്ക് ഭാഗിച്ചെടുക്കുവാൻ പാടുള്ളൂ. എന്നാൽ ആകെ സ്വത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വസ്വിയ്യത്ത് ചെയ്യാൻ പാടില്ല. മരണപ്പെട്ട വ്യക്തിയുടെ കടം മുഴുവനും സ്വത്തിൽനിന്ന് കൊടുത്തേ തീരൂ. കടം കഴിച്ച് ബാക്കിയില്ലാത്ത പക്ഷം അവകാശികൾക്ക് ഒന്നും ലഭിക്കുന്നതുമല്ല. വസ്വിയ്യത്തിനെക്കാൾ മുൻഗണന നൽകേണ്ടതും കടത്തിന് തന്നെയാണ്. കടവും വസ്വിയ്യത്തും ഗൗനിക്കാതെ സ്വത്ത് ഭാഗിച്ചെടുക്കുന്നത് കുറ്റകരവും അന്യരുടെ അവകാശം അക്രമമായി പിടിച്ചെടുക്കലുമായിരിക്കും.

അനന്തരാവാകാശ സ്വത്ത് ശരീഅത്ത് അനുശാസിക്കുന്നത് പ്രകാരം അനന്തരാവകാശികൾക്കിടയിൽ വീതിച്ച് നൽകണം. അതിന് സഹായകമാകുന്ന Islamic Inheritance Calculators ഓൺലൈനിൽ ലഭ്യമാണ്. ഏറ്റവും നല്ലത് ഇസ്‍ലാമിക ശരീഅത്ത് പ്രകാരം അനന്തരാവകാശ സ്വത്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് അറിവുള്ള പണ്ഡിതന്മാരെ സമീപിച്ച് അതുപ്രകാരം കണക്കാക്കുന്നതാണ്.