കുടുംബം; മഹല്ലുകൾക്ക് ഒരു മാർഗരേഖ

മഹല്ല് മസ്‌ലഹത്ത് സമിതി

ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങളും പിണക്കങ്ങളും ഉത്ഭവിക്കുക സ്വാഭാവികമാണ്. ഇത് പരിഹരിക്കാനുള്ള സംവിധാനം എല്ലാ മഹല്ലുകളിലും ഉണ്ടാവണം. ദമ്പതികൾക്കിടയിലെ നിസ്സാര തർക്കങ്ങൾ പോലും വിവാഹമോചനത്തിലേക്ക് എത്തുന്ന സംഭവങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദമ്പതികൾക്കിടയിൽ ബന്ധങ്ങൾ ഊഷ്മളമാക്കുവാനും തർക്കങ്ങൾ രമ്യമായി പരിഹരിക്കുവാനും ആവശ്യമായ ഇടപെടലുകൾ നടത്താൻ പ്രാപ്തരായ വ്യക്തികൾ ഉൾപ്പെടുന്ന ഒരു മസ്‌ലഹത്ത് സമിതി മഹല്ലുകളിൽ ഉണ്ടായാൽ ഈ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

വിവാഹത്തിന് ശേഷം വധൂവരന്മാർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, തർക്കങ്ങളും പ്രശ്നങ്ങളുമുണ്ടായാൽ അത് പരിഹരിക്കാൻ പരിശ്രമിക്കുക പരിഹരിക്കാൻ സാധിക്കാത്ത നിലയിൽ ശക്തമായാൽ സ്വീകരിക്കാവുന്ന ത്വലാഖ്, ഖുൽഅ്, ഫസ്ഖ് മുതലായ സാധ്യതകളുടെ ശരിയായവഴികൾ മനസ്സിലാക്കി കൊടുക്കുക, അതുവഴി സാധ്യമായത്ര മാന്യമായ നിലയിൽ പിരിയുവാനുള്ള അവസരം സൃഷ്ടിക്കുക എന്നീ കാര്യങ്ങൾ മസ്‌ലഹത്ത് സമിതി വഴി ചെയ്യാൻ സാധിക്കണം.

സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  1. കുടുംബ തർക്കങ്ങൾ പരിഹരിക്കുന്നതിനും മഹല്ല് നിവാസികൾക്കിടയിലെ സമാനമായ മറ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമായ വേദി.
  2. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും ധാരണയും സഹകരണവും പ്രോത്സാഹിപ്പിക്കുക
  3. കുടുംബങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹങ്ങളും നൽകുക

സമിതിയുടെ ഘടന

  1. സമിതിക്ക് നേതൃത്വം നൽകാൻ യോഗ്യനായ ഒരു ചെയർമാൻ ഉണ്ടായിരിക്കണം.
  2. മിനുട്ട്സ് രേഖപ്പെടുത്തുന്നതിനും മറ്റു റെക്കോർഡുകൾ പരിപാലിക്കുന്നതിനും കമ്മിറ്റി അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും കഴിയുന്ന കൺവീനർ
  3. അംഗങ്ങൾ: ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ, കൗൺസിലിംഗ്, മനഃശാസത്രം, സാമൂഹിക അവബോധം, നിയമപരിജ്ഞാനം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 5-7 പേർ. ഈ സമിതിയിൽ സ്ത്രീ പ്രാതിനിധ്യം കൂടി ഉണ്ടാകുന്നത് ഗുണകരമായിരിക്കും.

സമിതിയുടെ പ്രവർത്തനങ്ങൾ

  1. പരാതികൾ സ്വീകരിക്കുകയും സമയബന്ധിതമായി ഇടപെടുകയും പരിഹരിക്കുകയും ചെയ്യുക.
  2. കുടുംബങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അവർക്ക് വേണ്ട പിന്തുണയും നൽകുക
  3. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും പരസ്പര ധാരണയും സഹകരണവും പ്രോത്സാഹിപ്പിക്കുക. അതിനാവശ്യമായ ഇവെന്റുകൾ, വർക്ക് ഷോപ്പുകൾ, മറ്റു ആക്ടിവിറ്റികൾ സംഘടിപ്പിക്കുക.
  4. സമിതിയുടെ മുമ്പാകെ വരുന്ന കേസുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആവശ്യമായ യോഗങ്ങൾ ചേരുക.
  5. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളും മൂല്യങ്ങളും, വിശുദ്ധ ഖുർആനിന്റെയും സുന്നത്തിന്റെയും നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുക.
  6. പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനങ്ങളും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ കുടുംബങ്ങളുമായി ഫോളോഅപ്പ് നിലനിർത്തുക.

കമ്മിറ്റി പെരുമാറ്റച്ചട്ടം

  1. ബഹുമാനവും രഹസ്യാത്മകതയും: എല്ലാ കുടുംബാംഗങ്ങളോടും ബഹുമാനത്തോടും മാന്യതയോടും പെരുമാറുക, സെൻസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ രഹസ്യസ്വഭാവം നിലനിർത്തുക.
  2. നിഷ്പക്ഷതയും നീതിബോധവും: പരാതികളിൽ ഇടപെടുന്നത് നിഷ്പക്ഷവും പക്ഷപാതരഹിതവുമായിരിക്കുക. വിശ്വസ്തതയും നീതിബോധവും ഉറപ്പുവരുത്തുക.
  3. സുതാര്യത: തീരുമാനമെടുക്കൽ പ്രക്രിയകളിലും പ്രവർത്തനങ്ങളിലും സുതാര്യതയും ഉത്തരവാദിത്ത ബോധവും പുലർത്തുക.
  4. പ്രൊഫഷണലിസം: കുടുംബാംഗങ്ങളുമായും മറ്റ് പങ്കാളികളുമായും ഇടപഴകുമ്പോൾ പ്രൊഫഷണലിസവും മാന്യതയും നിലനിർത്തുക.

പരിഹരിക്കേണ്ട കുടുംബ പ്രശ്നങ്ങൾ

  1. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ: ഇണകൾ തമ്മിലുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും രമ്യമായി പരിഹരിക്കുക.
  2. മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രശ്നങ്ങൾ: മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തർക്കങ്ങളും പിണക്കങ്ങളും രമ്യമായി പരിഹരിക്കുക.
  3. പീഡനങ്ങൾ: കുടുംബ പീഡന കേസുകൾ കൈകാര്യം ചെയ്യുകയും ഇരകൾക്ക് നീതിപൂർവ്വമായ പിന്തുണ നൽകുകയും ചെയ്യുക.
  4. സാമ്പത്തിക തർക്കങ്ങൾ: സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുകയും സാമ്പത്തിക അച്ചടക്കവും മാനേജ്മെന്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുക.