കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം ദാമ്പത്യജീവിതമാണ്. വൈവാഹിക ജീവിതവും ദാമ്പത്യ ബന്ധവും അല്ലാഹുവിന്റെ ദൃഷ്ടാന്തമാണെന്നാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. വിവാഹ ബന്ധം അനിവാര്യ സാഹചര്യത്തിൽ അവസാനിപ്പിക്കാൻ അനുവാദമുണ്ടെങ്കിലും ഒരിക്കലും അവസാനിപ്പിക്കാൻ സാധ്യമല്ലാത്ത ബന്ധങ്ങൾ ഉടലെടുക്കുന്ന ബന്ധമാണത്. ഒരു കുടുംബത്തിന്റെ ആരംഭം ദാമ്പത്യജീവിതം ആയതുകൊണ്ട് തന്നെ അഴകും ഉറപ്പുമുള്ളൊരു കുടുംബത്തിന് വേണ്ടിയുള്ള പണിയാരംഭിക്കേണ്ടത് ഇണതുണകളിൽ നിന്ന് തന്നെയാണ്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ദാമ്പത്യജീവിതത്തെ സംബന്ധിച്ച വ്യക്തത വരുത്തുകയും ധാരണക്കുറവുകൾ പരിഹരിക്കുകയും വേണം.
സുസ്ഥിരമായ ഒരു കുടുംബത്തിന്റെ അടിത്തറയെന്ന നിലയിൽ ശക്തവും സ്നേഹനിർഭരവുമായ ദാമ്പത്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിവാഹം, കുടുംബജീവിതം, ദാമ്പത്യ ബന്ധം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയും യാഥാർഥ്യ ബോധത്തോടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് ഊ ഷ്മളമായ കുടുംബ ജീവിതം സാധ്യമാകുക. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ഇതുസംബന്ധിച്ച ബോധവൽക്കരണം നടത്താൻ മഹല്ലുകൾക്ക് സാധിച്ചാൽ തുടർന്നുണ്ടാകുന്ന കുടുംബ ജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങളും വരുത്താൻ സാധിച്ചേക്കാം.
വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള സുസ്ഥിരബന്ധം സ്ഥാപിതമാവുന്നതിന് വരനും വധുവിന്റെ രക്ഷിതാവും പരസ്പരം നടത്തുന്ന തുറന്ന ഉടമ്പടി മുഖേന സ്ഥാപിതമാവുന്നതാണ് ഇസ്‌ലാമിക ശരീഅത്തിൽ ‘നികാഹ്’. ഇരുവരുടെയും സംതൃപ്തിയോടെ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തപ്പെടുന്ന പവിത്രബന്ധമാണ് വിവാഹം. വിവാഹം കൂടാതെയുള്ള സ്ത്രീപുരുഷ ബന്ധം നീചവും ശിക്ഷാർഹവുമാണ്. വിവാഹത്തോടനുബന്ധിച്ച് പുരുഷൻ സ്ത്രീക്ക് നിർബന്ധമായും നൽകേണ്ട വിവാഹമൂല്യമാണ് ‘മഹ്ർ’ എന്നറിയപ്പെടുന്നത്. വിവാഹമൂല്യം നിശ്ചയിക്കാനുള്ള അധികാരവും അവകാശവും വധുവിനാണ്.
‘എന്റെ മകളെ/ സഹോദരിയെ ഞാൻ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു’ (ഈജാബ്) വെന്ന് വധുവിന്റെ രക്ഷകർത്താവ് പറയുകയും തുടർന്ന് ‘ഞാൻ അവളെ വധുവായി സ്വീകരിച്ചിരിക്കുന്നു’ (ഖബൂൽ) വെന്നു വരനും പരസ്യമായി പ്രഖ്യാപിക്കുന്നതാണ് വിവാഹച്ചടങ്ങ്. സദസ്സിനുമുമ്പിൽ വിവാഹത്തെക്കുറിച്ചുള്ള സാരോപദേശങ്ങൾ അടങ്ങുന്ന ഖുത്ബ (ലഘു പ്രഭാഷണം) നടത്തുന്നതും അഭികാമ്യമാണ്. വിവാഹശേഷം വരൻ ബന്ധുമിത്രാദികൾക്ക് ലഘുവായ സദ്യയൊരുക്കൽ പ്രബലമായ പ്രവാചകചര്യയുമാണ്.
ഇണയെ തെരഞ്ഞെടുക്കുമ്പോൾ ദീനീനിഷ്ഠയും സൽസ്വഭാവവുമാണ് പ്രധാനമായും പരിഗണിക്കേണ്ടത്. ധനം, കുലമഹിമ, സൗന്ദര്യം, ദീനീനിഷ്ഠ എന്നീ നാലു കാര്യങ്ങളാണ് സ്ത്രീകളിൽ പുരുഷന്മാർക്ക് താല്പര്യം ജനിപ്പിക്കുന്നതെന്നും ദീനീനിഷ്ഠയുള്ളവരെ വിവാഹം ചെയ്തു സൗഭാഗ്യം നേടണമെന്നും തിരുദൂതർ (സ) ഉപദേശിക്കുന്നു.
ഇസ്‌ലാമിൽ വിവാഹം ലളിതമാണെങ്കിലും ഒട്ടും ലളിതമല്ലാതെയാണ് ഇന്ന് വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത്. ധൂർത്തും പൊങ്ങച്ചപ്രകടനവും ആഭാസങ്ങളും അധാർമികതകളും ചേരുന്ന അൺകൾച്ചറൽ ഇവെന്റുകളാണ് ഇന്നത്തെ വിവാഹ ചടങ്ങുകൾ. വിവാഹം ലളിതവും മാതൃകാപരവുമാകണം. ഇസ്‌ലാമിക സംസ്കാരത്തിന് നിരക്കാത്തതൊന്നും വിവാഹചടങ്ങിൽ ഉണ്ടാകുന്നില്ലെന്ന് മഹല്ല് നേതൃത്വം ഉറപ്പുവരുത്തണം. സാധാരണക്കാർക്ക് വിവാഹം എന്നത് ഒരു കടമ്പയാകാതിരിക്കണമെങ്കിൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനാവശ്യമായ എല്ലാ സാമ്പത്തിക ദുർവ്യയങ്ങളും ദൂരീകരിക്കേണ്ടതുണ്ട്. രണ്ടും മൂന്നും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകളും ഇസ്‌ലാമിക സംസ്‌കാരവുമായി നേർക്കുനേരെ ഏറ്റുമുട്ടുന്ന ആഭാസകരമായ ഏർപ്പാടുകളും മഹല്ല് പരിധിയിൽ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
വിവാഹവുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ സൂചനകൾ
ഭർത്താവ് മരണപ്പെട്ട വിധവകളെ ശാപമായി കാണുന്ന സമൂഹങ്ങളുണ്ട്. അവർ മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ കുട്ടികളെയും നോക്കി ശിഷ്ട കാലം ജീവിക്കണമെന്നാണ് മറ്റ് ചിലർ വിധിയെഴുതിയിട്ടുള്ളത്. ഇക്കാര്യത്തിൽ നാട്ടുനടപ്പും ആചാരങ്ങളും പരിഗണിക്കാതെ ഇസ്‌ലാമിന്റെ സമീപനം എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുകയാണ് നാം ചെയ്യേണ്ടത്.
സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ പല പ്രശ്‌നങ്ങൾ നേരിടുന്നവരാണ് വിധവകൾ. തന്റെ ഇണയുടെ മരണത്തോടെ അവർക്ക് അനിർവചനീയമായ ഏകാന്തത അനുഭവപ്പെടുന്നു. സമൂഹത്തിൽ ഒറ്റപ്പെടുന്നു. കുടുംബത്തിന്റെ വരുമാനമാർഗം നിലക്കുന്നു. ഏതവസ്ഥയിലും തനിക്ക് തുണയും ആശ്വാസവുമായിരുന്നയാൾ എന്നെന്നേക്കുമായി തന്നെ വിട്ടുപോയിരിക്കുന്നു എന്ന യാഥാർഥ്യം അവർ മനസ്സിലാക്കുന്നു. ഇപ്രകാരം വൈധവ്യത്തിന്റെ പ്രയാസങ്ങളനുഭവിക്കുന്ന പലരും നമ്മുടെ മഹല്ലിലുണ്ടാകും. നമുക്ക് അവരോട് ചില ബാധ്യതകളുണ്ട്.
വിധവകൾ മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ കുട്ടികളെയും നോക്കി ശേഷിച്ച കാലം ജീവിക്കണമെന്നാണ് സമൂഹത്തിൽ പൊതുവെയുള്ള ധാരണ. ഭാര്യ മരണപ്പെട്ട ഒരു പുരുഷൻ സാധാരണ ഗതിയിൽ കുറച്ച് കഴിയുമ്പോഴേക്കും പുതിയ ഇണയെ കണ്ടെത്തുകയും പുതിയ വൈവാഹിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഭർത്താവ് മരണപ്പെട്ട സ്ത്രീ, യുവതിയാണെങ്കിൽ വിവാഹം കഴിപ്പിക്കാറുണ്ടെങ്കിലും മധ്യവയസ്കയും രണ്ടോ മൂന്നോ കുട്ടികളുള്ളവരുമാണെങ്കിൽ പിന്നെ അവരെ വിവാഹം കഴിപ്പിച്ച് പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് സമൂഹം പൊതുവെ താൽപ്പര്യം കാണിക്കാറില്ല. സാധാരണ ഗതിയിൽ ശിഷ്ടജീവിതം അവരുടെ മോഹങ്ങളും സ്വപ്നങ്ങളും കുഴിച്ചു മൂടി കുട്ടികളേയും മറ്റും നോക്കി ഒതുങ്ങികഴിഞ്ഞു കൂടേണ്ടതായിവരുന്നു. അല്ലാഹു വിശുദ്ധ ഖുർആനിൽ ഭാര്യമരണപ്പെട്ട പുരുഷന്റെ വിവാഹകാര്യത്തെ കുറിച്ചു പറയാതെ ഭർത്താവ് മരണപ്പെട്ട സ്ത്രീകളുടെ പുനർ വിവാഹത്തെ കുറിച്ച് പ്രത്യേകമായി എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്.
ഭർത്താവ് നഷ്ടപ്പെട്ടു എന്നതിനാൽ ജീവിതത്തിൽനിന്ന് ഒളിച്ചോടണമെന്നോ തുടർന്നുള്ള ജീവിതം ചങ്ങലകളിൽ കുരുക്കിയിടണമെന്നോ ഇസ്‌ലാം താൽപര്യപ്പെടുന്നില്ല. വിധവകൾക്ക് ഉയർന്ന പരിഗണനയാണ് ഇസ്‌ലാം നൽകുന്നത്. ഇദ്ദയുടെ കാലാവധി കഴിഞ്ഞാൽ അനുയോജ്യമായ മറ്റൊരു വിവാഹം കഴിക്കുന്നത് അവരുടെ അവകാശമായി ഇസ്‌ലാം കാണുന്നു. സാധാരണ ഗതിയിൽ നാല് മാസവും പത്ത് ദിവസവുമാണ് ഇദ്ദയുടെ കാലാവധി. ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയാണത്. അത് കഴിഞ്ഞാൽ പുതിയ കുടുംബ ജീവിതത്തിലേക്ക് അവർക്ക് പ്രവേശിക്കാം. എന്നാൽ തങ്ങളുടെ സന്താനങ്ങളെയോർത്ത് ശിഷ്ടകാലം അവരുടെ കൂടെ കഴിയുന്ന സ്ത്രീകളുമുണ്ട്. അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുകയും മാന്യമായ ജീവിതം ഉറപ്പ് വരുത്തുകയും വേണം.
ഭൂരിഭാഗം വിധവകളും പുനർ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മറ്റും ഭയന്നിട്ടാണ്. വിധവകൾ ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭർത്താവിനെ മറന്നു പോയത് കൊണ്ടോ ലൈംഗികത കൊണ്ടുമാത്രമോ അല്ല. മറിച്ച് തങ്ങൾ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നും രക്ഷപ്പെടാൻ വേണ്ടിയാണ്. ഇസ്‌ലാം വിധവാവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇദ്ദാ കാലയളവിന് ശേഷം അവൾക്ക് പുനർവിവാഹം നടത്താവുന്നതാണ്. ഇദ്ദാ കാലത്ത് അവൾക്ക് മറ്റൊരു വിവാഹമോ വിവാഹാലോചനയോ പാടില്ല. എന്നാൽ ഈ കാലയളവിൽതന്നെ മറ്റൊരു വിവാഹത്തെ കുറിച്ച് അവർ ചിന്തിക്കുന്നത് തെറ്റായ കാര്യമല്ല.
ഭർത്താവ് മരണപ്പെട്ട സ്ത്രീകളോട് മറ്റൊരു വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ സാധാരണ ഗതിയിൽ ‘ഇനിയൊരു വിവാഹം വേണ്ട’ എന്ന മറുപടിയാണ് ലഭിക്കുക. അത് പലപ്പോഴും സ്ത്രീസഹജമായ മറുപടിയായിരിക്കാം. അത് പരിഗണിക്കാതെ അവളുടെ മനസ്സറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. അവളുടെ സമ്മതത്തോട് കൂടി മാത്രമേ വിവാഹം ചെയ്തുകൊടുക്കാൻ പാടുള്ളൂ.