മരണമോ വിവാഹമോചനമോ മൂലം ഭർത്താവുമായി പിരിയേണ്ടി വരുമ്പോൾ പുനർവിവാഹം നടത്താതെ ഒരു സ്ത്രീ ചില നിബന്ധനകൾ പാലിച്ച് കാത്തിരിക്കേണ്ട നിശ്ചിത കാലമാണ് ഇദ്ദഃ അഥവാ ദീക്ഷാകാലം എന്ന് പറയുന്നത്. ഇത്തരം സ്ത്രീകൾ ഇദ്ദഃ ആചരിക്കൽ നിർബന്ധമാണ് എന്ന കാര്യം ഖുർആനും സുന്നത്തും വ്യക്തമായി പഠിപ്പിച്ചതാണ്.
എന്തുകൊണ്ട് ഇദ്ദഃ?
ഇദ്ദഃ ഒന്നാമതായി അല്ലാഹുവിന്റെ നിർദ്ദേശത്തിന് വഴിപ്പെടലാണ്. അല്ലാഹുവിന്റെ കൽപ്പനകൾ ഏതവസരത്തിലും അനുസരിക്കേണ്ടവരാണ് അവന്റെ അടിമകൾ. മരണം, വിവാഹമോചനം എന്നിവക്കനുബന്ധമായി ഇദ്ദഃ ആചരിക്കണമെന്നത് അല്ലാഹുവിന്റെ കൽപ്പനയാണ്.
തന്റെ സ്നേഹനിധിയായ ഇണ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മനുഷ്യസഹജമായ ദുഃഖം മാന്യമായി ആചരിക്കാനുള്ള അവസരമാണ് ഇദ്ദഃ.
തന്റെ ഭർത്താവിന്റെ വിയോഗത്തിലുള്ള ദുഃഖം കുറയുവാനും സാധാരണനില കൈവരിക്കുവാനും അതുവഴി മറ്റൊരു വിവാഹത്തിന് ശാരീരികമായും മാനസികമായും തയ്യാറാകാനുമുള്ള സമയമാണിത്.
വിവാഹമോചിതയാണെങ്കിൽ ദമ്പതികൾക്ക് മനസാന്തരമുണ്ടാകുവാനും അതുവഴി പുനഃസംഗമത്തിനുള്ള അവസരം ഉണ്ടാക്കാനും വീണ്ടും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും ഇദ്ദാ കാലം സഹായിക്കുന്നു.
ഭർത്താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഭർത്താവ് മരണപ്പെട്ട സ്ത്രീകളുടെ ഇദ്ദഃ മൂന്ന് രൂപത്തിലായിരിക്കും.
ഗർഭിണിയായവർ: ഭർത്താവ് മരണപ്പെടുമ്പോൾ ഒരു സ്ത്രീ ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയാണ് അവരുടെ ഇദ്ദാ കാലയളവ്. ഭർത്താവ് മരണപ്പെട്ട അടുത്ത സമയത്ത് തന്നെ അവർ പ്രസവിച്ചാലും അവരുടെ ഇദ്ദഃ പ്രസവത്തോടെ അവസാനിക്കുന്നതാണ്.
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവർ: വിവാഹ ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ ഭർത്താവ് മരണപ്പെട്ടവർ നാലുമാസവും പത്ത് ദിവസവുമാണ് ഇദ്ദഃ അനുഷ്ഠിക്കേണ്ടത്. അവർക്ക് ഏതൊരു വിവാഹിതയെയും പോലെ മഹ്റിനും അനന്തരാവകാശത്തിനും അർഹതയുള്ളതുപോലെ ഇദ്ദഃ അനുഷ്ഠിക്കുവാനും ബാധ്യതയുണ്ട്.
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടവർ: ഭർത്താവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ നാലുമാസവും പത്ത് ദിവസവുമാണ് ഇദ്ദഃ അനുഷ്ഠിക്കേണ്ടത്.
വിവാഹമോചിതയുടെ ഇദ്ദഃ വിവാഹമോചനത്തെ തുടർന്ന് ഇദ്ദഃ ആചരിക്കുന്ന സ്ത്രീകളുടെ ദീക്ഷാകാലം വ്യത്യസ്ത രൂപത്തിലായിരിക്കും.
ഗർഭിണി: വിവാഹമോചിത ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതുവരെയാണ് ഇദ്ദഃയുടെ കാലം. പ്രസവം ഉടനെ നടന്നാലും മാസങ്ങൾക്ക് ശേഷമായിരുന്നാലും ഗർഭിണിയുടെ ഇദ്ദഃ പ്രസവത്തോടെ അവസാനിക്കും.
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടവർ (ആർത്തവമുണ്ടാകാറുള്ളവർ): വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരും ആർത്തവം നിലക്കാത്തവരുമാണെങ്കിൽ മൂന്ന് ശുദ്ധികാലഘട്ടമാണ് ഇദ്ദഃ ആചരിക്കേണ്ടത്.
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടവർ (ആർത്തവം നിലക്കുകയും ആർത്തവം ഇല്ലാത്തവരുമായവർ): വാർദ്ധക്യം കാരണത്താൽ ആർത്തവം നിലക്കുകയോ പ്രായപൂർത്തിയാകാത്തതിനാൽ ആർത്തവം ഇല്ലാതിരിക്കുകയോ ചെയ്തവരുടെ ഇദ്ദഃ മൂന്ന് മാസമാണ്. മൂന്ന് മാസം എന്നത് മൂന്ന് ചാന്ദ്രമാസമാണ്.
ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖിനെ തുടർന്ന് ഇദ്ദഃ അനുഷ്ഠിക്കുന്നതിനിടയിൽ ഭർത്താവ് മരണപ്പെട്ടാൽ, മരണ ദിവസം മുതൽ ഭർത്താവ് മരിച്ച സ്ത്രീ 4 മാസവും 10 ദിവസവും ഇദ്ദഃ ആചരിക്കണം.
ഇദ്ദഃ അനുഷ്ഠിക്കേണ്ട ഇടം വിവാഹമോചനം ചെയ്യപ്പെട്ടവരും ഭർത്താവ് മരിച്ചവരും ഇദ്ദഃ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭർതൃഗൃഹങ്ങളിൽ തന്നെയാണ്. എന്നാൽ ദീനീപരവും ശാരീരികവുമായ നിർഭയത്വം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അനുയോജ്യമായ മറ്റു ഇടങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
ഇദ്ദഃയുടെ തുടക്കം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദഃ ത്വലാഖ് നടന്ന സമയം മുതലും വിധവയുടേത് ഭർത്താവിന്റെ മരണം സംഭവിക്കുന്ന സമയം മുതലും ആരംഭിക്കുന്നു.
സുഗന്ധം, സുറുമ, മൈലാഞ്ചി തുടങ്ങി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
വിവാഹവും, സ്പഷ്ടമായ ഭാഷയിലുള്ള വിവാഹാലോചനയും പാടില്ല.
തന്റെ രോഗ ചികിത്സാർഥം, ഉപജീവനത്തിനുള്ള ജോലി തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങാമെങ്കിലും ഇദ്ദാകാലയളവിൽ പരമാവധി വീട്ടിൽതന്നെ കഴിച്ചുകൂട്ടുകയാണ് വേണ്ടത്.
ജുമുഅ, ജമാഅത്ത്, രോഗസന്ദർശനം, പെരുന്നാൾ നമസ്കാരം, ക്ലാസുകൾ തുടങ്ങിയ കാര്യങ്ങൾക്കായി ഇദ്ദാ കാലയളവിൽ പള്ളികളിലേക്കും മറ്റും പോകാൻ പാടില്ല. പ്രസ്തുത കാലയളവിൽ ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കാനായി പുറപ്പെടാനും പാടില്ല.
ഇദ്ദഃ അനുഷ്ഠിക്കുമ്പോൾ വെളുത്ത വസ്ത്രം ധരിക്കണമെന്ന ഒരു നിബന്ധനയുമില്ല. അടച്ചിട്ട മുറിയിൽ ഇരിക്കേണ്ടതുമില്ല. ആരുമായും സംസാരിക്കരുതെന്നോ ഒരു കാര്യത്തിനും പുറത്തിറങ്ങരുതെന്നോ എന്നുമില്ല. വീടിന്റെ പുറത്ത് മുറ്റത്തിറങ്ങുന്നതിനും വീട്ടിലെ ജോലികൾ നിർവ്വഹിക്കുന്നതിനും തടസ്സമില്ല. എന്നാൽ അലങ്കാര വസ്ത്രങ്ങൾ ധരിക്കുന്നതും അണിഞ്ഞൊരുങ്ങുന്നതും ഉത്തമമല്ല കുളിക്കുക, നഖം മുറിക്കുക, ശരീരം വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾക്കൊന്നും തടസ്സമില്ലെന്ന് മാത്രമല്ല എപ്പോഴും ശുദ്ധിയായിരിക്കേണ്ടത് അനിവാര്യമാണ്.
ഇദ്ദഃ അനുഷ്ഠിക്കുന്ന സ്ത്രീകളുടെ നിശ്ചിതകാലം അവസാനിക്കുന്നതിന് മുമ്പ് അവരോട് വിവാഹാഭ്യർത്ഥന നടത്തുകയോ വിവാഹ വാഗ്ദാനം നടത്തുകയോ ചെയ്യാൻ പാടില്ല. എന്നാൽ, ഇദ്ദഃ കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് മനസ്സിൽ വിചാരിക്കുന്നതിന് വിരോധമൊന്നുമില്ല. മടക്കി എടുക്കുവാൻ സാധ്യമല്ലാത്ത നിലക്കുള്ള വിവാഹമോചനത്തെത്തുടർന്ന് ഇദ്ദഃ ആചരിക്കുന്നവരോടും ഭർത്താവിന്റെ മരണശേഷം ഇദ്ദഃയിലായിരിക്കുന്നവരോടും വിവാഹം സംബന്ധിച്ച് സൂചന പറയുന്നതിൽ തെറ്റില്ല. എന്നാൽ മടക്കി എടുക്കുവാൻ സാധ്യതയുള്ള വിവാഹമോചനത്തെതുടർന്ന ഇദ്ദഃയിലാണെങ്കിൽ മേൽപറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം അവരെ മടക്കി എടുക്കുവാൻ ഭർത്താവിന് എപ്പോഴും അവകാശമുണ്ട്.