അവിചാരിതമോ അപ്രതീക്ഷിതമോ ആയ ചില അനിഷ്ട കാരണങ്ങളാൽ വിവാഹ ബന്ധം സ്ത്രീ മുൻകൈയെടുത്ത് ദുർബലപ്പെടുത്തുകയോ സ്വാഭാവികമായ കാരണങ്ങളാൽ സ്വയം ദുർബലപ്പെടുകയോ ചെയ്യുന്ന പ്രതിഭാസത്തെയാണ് ഫസ്ഖ് എന്ന് പറയുന്നത്. ദുർബലപ്പെടുത്തുക എന്ന ഭാഷാർത്ഥമുള്ള ഫസ്ഖ് സാങ്കേതികമായി "വിവാഹ ഉടമ്പടി ദുർബലപ്പെടുത്തുകയോ അങ്ങനെയൊന്നു നിലവിൽ വന്നിട്ടേയില്ല എന്ന് കണക്കാക്കുകയോ ചെയ്യലാണ്.
ദമ്പതികൾ മുലകുടി ബന്ധത്താലോ മറ്റോ പരസ്പരം വിവാഹബന്ധം നിഷിദ്ധമായവരാണ് എന്ന് വിവാഹശേഷം തെളിയുന്നതോടെ ആ ബന്ധം സ്വമേധയാ ദുർബലപ്പെടും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വലിയ്യ് നികാഹ് ചെയ്തുകൊടുക്കുകയും പ്രായപൂർത്തിയായ ശേഷം അവൾക്ക് അയാളുമായി വിവാഹബന്ധം തുടർന്നുപോവാൻ സാധിക്കാതെ വരികയും ചെയ്താൽ ആ സമയത്തും ഫസ്ഖ് ചെയ്യാവുന്നതാണ്. സന്താനലബ്ധിയും ലൈംഗികശേഷിയും അസാധ്യമായ ഒരാൾ തന്റെ ന്യൂനത മറച്ചുവെച്ച് വിവാഹം ചെയ്താലും സന്മാർഗിയാണെന്ന ഭാവത്തിൽ വിവാഹം ചെയ്ത ഭർത്താവ് ദുർനടപ്പും ഗുരുതരമായ പെരുമാറ്റ ദൂഷ്യങ്ങളും പ്രകടിപ്പിക്കുകയും ചെയ്താലും ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ഖാദിയുടെ സാന്നിധ്യത്തിൽ മാത്രം സാധ്യമാകുന്ന ഫസ്ഖ് ഇന്ത്യയിൽ കോടതി മുഖേനയാണ് സാധുവാവുക.
ഇന്ത്യയിലെ നിലവിലുള്ള മുസ്‌ലിം വിവാഹ ആക്ട് പ്രകാരം മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് കോടതി മുഖേന വിവാഹമോചനം ലഭിക്കുന്നതിന് ന്യായമായ ചില കാരണങ്ങൾ പറയുന്നുണ്ട്.
മേൽ സൂചിപ്പിച്ച കാരണങ്ങളാൽ ഭർത്താവിൽനിന്ന് വിവാഹമോചനം തേടി ബന്ധപ്പെട്ട സിവിൽ കോടതിയിൽ വിവാഹമോചന ഹരജി ഫയൽ ചെയ്യാൻ ഭാര്യക്ക് അവകാശമുണ്ട്. എന്നാൽ ഇപ്രകാരം കോടതി വഴി വിവാഹമോചനം നേടിയാലും ശരീഅത്ത് പ്രകാരം ഖാദിയുടെയോ ഖാദിയുടെ സ്ഥാനത്ത് നിൽക്കുന്ന മധ്യസ്ഥരുടേയോ സാന്നിധ്യത്തിലാണ് ഫസ്ഖ് നിയമപരമായി കണക്കാക്കുകയുള്ളൂ.