ഇസ്‌ലാമിക ശരീഅത്തിലധിഷ്ടിതമായ സാമൂഹ്യഘടനയുടെ ചെറുതും മനോഹരവുമായ യൂണിറ്റാണ് മഹല്ല്. മുസ്‌ലിം സമൂഹത്തിന്റെ പ്രാദേശിക കൂട്ടായ്മ എന്ന നിലയിൽ സമുദായത്തിന്റെ സർവതോന്മുഖമായ ഉന്നമനത്തിന് നേതൃപരമായ പങ്കുവഹിക്കേണ്ട സ്ഥാപനമാണത്. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിക ആദർശവും വ്യക്തിത്വവും ഉയർത്തിപ്പിടിക്കുന്ന മാതൃകാ സമൂഹമായി വാർത്തെടുക്കുക എന്ന ഭാരിച്ച ചുമതല നിർവ്വഹിക്കപ്പെടേണ്ട സംവിധാനം കൂടിയാണിത്. മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ ലക്ഷ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങളും ചട്ടങ്ങളും ഓരോ മഹല്ലിനുമുണ്ടായിരിക്കണം. ആരാധനകൾക്ക് നേതൃത്വം നൽകൽ, വിവാഹ കാർമ്മികത്വം വഹിക്കൽ, മരണാനന്തര ചടങ്ങുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മതപരവും ഭൗതികവുമായ വിദ്യാഭ്യാസ സംരംഭങ്ങൾ, തർക്ക പരിഹാര ശ്രമങ്ങൾ തുടങ്ങി നിരവധി സ്തുത്യർഹമായ സേവനങ്ങൾ മഹല്ലുകൾ വഴി നിർവ്വഹിക്കുവാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
കേരളത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് മഹല്ലുകൾ നിലവിലുണ്ട്. മുസ്‌ലിം ഹൃദയങ്ങളിൽ ഇവക്ക് അർഹമായ സ്വാധീനവും അംഗീകാരവുമുണ്ട്. ചില മഹല്ലുകൾക്ക് കീഴിൽ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച് മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവർത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം ഉപയോഗപ്പെടുത്തുന്നേടത്ത് പല മഹല്ലുകൾക്കും വേണ്ടയളവിൽ വിജയിക്കാൻ സാധിക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.
മുസ്‌ലിം സമൂഹത്തിൽ നന്മ നടപ്പാക്കാനും തിന്മ വിപാടനം ചെയ്യാനും സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാവുന്ന അന്ധകാരങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും സ്വയംകൃത പ്രവണതകളിൽനിന്നും അവരെ മോചിപ്പിക്കാനും മഹല്ലുകൾ വഴി സാധിക്കണം. മഹല്ല് നിവാസികളെ സാമ്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ മാർഗദർശനം നൽകി നന്മയുടെ വഴിയിലൂടെ ഇഹ പരവിജയത്തിലേക്ക് നയിക്കാനും സാധിക്കുന്ന വ്യവസ്ഥാപിത യൂണിറ്റാണ് മഹല്ല്.
ഓരോ മഹല്ലിലെയും മുഴുവൻ കുടുംബങ്ങളെയും സംബന്ധിച്ച കൃത്യമായ വിവരം മഹല്ലുകൾക്ക് ലഭ്യമായിരിക്കണം. മാതാപിതാക്കളുടെ മരണം, വിവാഹമോചനം, ദാമ്പത്യ ജീവിതത്തിലെ മറ്റു പ്രശ്നങ്ങൾ കാരണം ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുങ്ങൾ, വിധവകൾ, അഗതികൾ, വൃദ്ധർ, രോഗികൾ തുടങ്ങി പലവിധത്തിൽ പ്രയാസങ്ങൾ നേരിടുന്നവരുടെ സംരക്ഷണവും പരിചരണവും ഏറ്റെടുക്കുവാൻ മഹല്ലുകൾക്ക് സാധിക്കണം. അതോടൊപ്പം മഹല്ല് പദ്ധതികൾ ഭിന്നശേഷി സൗഹൃദമാകാൻ ശ്രദ്ധിക്കുകയും വേണം. പലിശരഹിത വായ്പ, ചെറുകിട തൊഴിൽദാന പദ്ധതികൾ, വിദ്യാഭ്യാസ, ഭവന നിർമ്മാണ, ചികിത്സാ പദ്ധതികൾ തുടങ്ങിയ സാമൂഹ്യക്ഷേമപദ്ധതികളും മഹല്ലുകൾക്ക് നടപ്പിലാക്കാൻ സാധിക്കും.
പുതിയ കാലത്ത് മഹല്ല് നേതൃത്വങ്ങളുടെ സജീവ പരിഗണയിലേക്ക് കടന്നുവരേണ്ട പ്രധാന വിഷയമാണ് സാംസ്കാരിക ലിബറലിസത്തിന്റെ കടന്നുകയറ്റം. ആൺ പെൺ വ്യത്യാസമില്ലാതെ പുതിയതും പഴയതുമായ തലമുറകളിൽപെട്ടവരെ ഇത്തരം സ്വതന്ത്ര ചിന്തകൾ പിടിമുറുക്കുന്നുണ്ട്. ജീവിത രീതികൾ, വസ്ത്രധാരണം, സൗന്ദര്യ സങ്കൽപ്പം, ആൺ പെൺ ഇടകലരുകൾ, ആഘോഷപരിപാടികൾ, വിവാഹ ചടങ്ങുകൾ തുടങ്ങി എല്ലായിടങ്ങളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. സാംസ്കാരിക ലിബറലിസം ഏറ്റവുമധികം പരിക്കുകൾ ഉണ്ടാക്കുന്നത് കുടുംബ ജീവിതത്തിലാണ് എന്നതും ഒരു യാഥാർഥ്യമാണ്. പെരുകുന്ന വിവാഹ മോചനങ്ങളും വളരുന്ന വിവാഹ പൂർവ്വ ബന്ധങ്ങളും ഉയരുന്ന വിവാഹത്തോടുള്ള വിമുഖതയുമെല്ലാം ഇതിന്റെ സൂചനകളാണ്. ഈ സാഹചര്യത്തിൽ സാംസ്കാരിക ലിബറലിസത്തിനെതിരെ ഇസ്‌ലാമിക സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന കുടുംബാന്തരീക്ഷം മഹല്ലുകളിൽ രൂപപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം മഹല്ലുകൾ വഴി നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. മഹല്ലുകളുടെ സവിശേഷ ശ്രദ്ധ പതിയേണ്ട മേഖലയാണിത്.
ഈ രംഗത്ത് കൃത്യമായ ആസുത്രണത്തോടെ ഇടപെടലുകൾ നടത്തിയാൽ ഗുണപരമായ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതിന് സഹായകമാകുന്ന ചില നിർദ്ദേശങ്ങളും കർമ്മ പദ്ധതിയും ഉൾക്കൊള്ളുന്നതാണ് ഈ മാർഗ്ഗരേഖ.