ഇസ്‌ലാമിക വീക്ഷണത്തിൽ വിവാഹം വിശുദ്ധമായ ഉടമ്പടിയാണ്. സുദൃഢമായ കരാറാണത്. "സ്ത്രീകൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്'' (ഖുർആൻ: 4: 21). മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. വിവാഹത്തിലൂടെ അല്ലാഹു സ്ത്രീയെയും പുരുഷനെയും പരസ്പരം ബന്ധിപ്പിക്കുന്നു. അതിനു ശേഷം അവരെ ഓരോരുത്തരെയും ‘ഇണ’യെന്നാണ് വിളിക്കുക. അതിനുമുമ്പ് അവർ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു. വിവാഹത്തോടെ അവർ ഇണകളാകുന്നു. തന്നോടൊപ്പം മറ്റൊരാളുടെ കൂടി സന്തോഷങ്ങളും പ്രതീക്ഷകളും സുഖ-ദുഃഖങ്ങളും പങ്കിടുന്നു. ഭരിക്കുന്നവൻ എന്നർഥം വരുന്ന ‘ഭർത്താവ്’, ഭരിക്കപ്പെടുന്നവളെന്നർഥമുള്ള ‘ഭാര്യ’ എന്നീ പദങ്ങൾ ഇസ്‌ലാമിന് അന്യമാണ്. ഉയർന്ന സ്നേഹബന്ധത്തെയും പരസ്പര ലയനത്തെയും ഉൾച്ചേരലിനെയും പ്രതിനിധീകരിക്കുന്ന ‘ഇണ’ (സൗജ്) കളെന്ന ഖുർആനിക പദപ്രയോഗം പോലും ഉന്നതമായൊരു സംസ്കൃതിയെയാണ് പ്രതിനിധീകരിക്കുന്നത്.
വിവാഹബന്ധം അനശ്വരമാണ്. ഭാര്യാഭർത്താക്കന്മാർ എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ കരാറാണത്. അതുകൊണ്ടുതന്നെ സമയനിർണയ ബന്ധമോ താൽക്കാലിക ഉടമ്പടിയോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഒട്ടേറെ പ്രതീക്ഷകളും അവാച്യമായ അഭിലാഷങ്ങളുമായാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നോളം അപരിചിതമായ ആ ലോകത്തേക്ക് കടന്നുചെല്ലുമ്പോഴുണ്ടാകുന്ന ആഗ്രഹങ്ങളും അനുഭൂതികളും അവർണനീയം തന്നെ. തിങ്ങി വിങ്ങുന്ന വികാരവായ്പോടും അലതല്ലുന്ന ആവേശത്തോടും അനൽപമായ ആഹ്ലാദത്തോടും കൂടിയാണ് ദാമ്പത്യാരാമത്തിലേക്ക് ഏതൊരാളും പ്രവേശിക്കുക.
എന്നാൽ, എല്ലായ്പോഴും സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടണമെന്നില്ല. യാഥാർഥ്യങ്ങൾ സങ്കൽപങ്ങളിൽനിന്ന് ഭിന്നമായേക്കാം. ഇത്രയും നാൾ പരിചയമില്ലാത്ത വിവാഹജീവിതത്തിലേക്ക് പ്രതീക്ഷകളുമായി കാലെടുത്തുവെച്ചവർ സർവസാധാരണമായ സൗന്ദര്യപ്പിണക്കങ്ങളുടെ മുമ്പിൽ പകച്ചുനിൽക്കുന്നു. അഭിരുചികളിൽ അന്തരവും ആശയാഭിപ്രായങ്ങളിൽ വ്യത്യാസവും വീക്ഷണങ്ങളിൽ വൈജാത്യങ്ങളും ഉള്ളവർ ഒത്തുചേരുമ്പോൾ സ്വാഭാവികമായും ചില ഭിന്നതകൾ ഉയർന്നുവന്നേക്കാം.
ദാമ്പത്യം നല്ല നിലയിൽ നിലനിർത്താൻ നിർദേശിച്ച എല്ലാ മാർഗങ്ങളും യുക്തവും സമർഥവുമായ നിലയിൽ പ്രയോഗിച്ചിട്ടും അസ്വാരസ്യം അവസാനിക്കാത്ത അവസ്ഥകളുണ്ടായേക്കാം. ഇങ്ങനെ പിണക്കം ശക്തമാവുകയും പരസ്പരം പൊരുത്തപ്പെട്ടുപോകാൻ പ്രയാസപ്പെടുകയും ചെയ്താലും പെട്ടെന്ന് വിവാഹമോചനത്തിലേക്ക് എടുത്തുചാടരുത്. അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങളിൽനിന്ന് ഓരോ മധ്യസ്ഥന്മാരെ തെരഞ്ഞെടുക്കുകയും അവർ പ്രശ്നപരിഹാരത്തിനായി കഴിയാവുന്നത്ര യത്നിക്കുകയും വേണം. അനുരഞ്ജനശ്രമം ഐച്ഛികമല്ലെന്നും മറിച്ച്, അനിവാര്യമാണെന്നും ഖുർആൻ പഠിപ്പിക്കുന്നു.
മധ്യസ്ഥശ്രമം പൂർണമായും പരാജയപ്പെടുകയും യോജിപ്പിനുള്ള സകല സാധ്യതകളും അവസാനിക്കുകയും പിരിയുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലെന്ന് ഇരു വിഭാഗങ്ങൾക്കും ബോധ്യമാവുകയും ചെയ്താൽ പിന്നെ ദാമ്പത്യം ബന്ധമെന്നതിനെക്കാൾ അതിവേഗം അഴിച്ചുമാറ്റേണ്ട ബന്ധനമായിമാറും.
ഇത്തരം അനിവാര്യ സാഹചര്യങ്ങളിലാണ് ഇസ്‌ലാം വിവാഹമോചനം അനുവദിക്കുന്നത്. ഇപ്രകാരം പുരുഷൻ തന്റെ അവകാശമുപയോഗിച്ച് വിവാഹബന്ധം വേർപെടുത്തുന്നതിനാണ് സാങ്കേതികമായി ത്വലാഖ് എന്നു പറയുന്നത്.
ദമ്പതിമാർക്കിടയിൽ ഐക്യം നിലനിർത്താൻ ആവുന്നതൊക്കെ ചെയ്യേണ്ടതുണ്ടെന്നാണ് ഖുർആനിന്റെ നിലപാട്. എന്നാൽ, സ്‌നേഹവും ഐക്യവും ഇല്ലാതായിത്തീരുകയും വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാൽ അവർ തമ്മിൽ വേർപിരിയുന്നതിന് വിരോധമില്ല. ഈ വേർപിരിയലിന് പുരുഷൻ മുൻകൈയെടുക്കുമ്പോൾ അതിന് ത്വലാഖ് എന്നു പറയുന്നു. സ്ത്രീയാണ് മുൻകൈയ്യെടുക്കുന്നതെങ്കിൽ അത് ഖുൽഅ് എന്നും ന്യായാധിപനി(ഖാദി)ലൂടെ നടക്കുന്നതാണെങ്കിൽ ഫസ്ഖ് എന്നുമാണ് അറിയപ്പെടുക.
ഭാര്യയോട് ഞാൻ നിങ്ങളെ ത്വലാഖ് ചെയ്തു, മൊഴി ചൊല്ലി, വേർപിരിച്ചു, വിട്ടയച്ചു എന്നിങ്ങനെയുള്ള വ്യക്തമായ പദ പ്രയോഗങ്ങളാലോ അർഥം വ്യക്തമാകുന്ന വിധത്തിലുള്ള സൂചനാ പ്രയോഗങ്ങളിലൂടെയോ വിവാഹമോചനം ആകാവുന്നതാണ്. രേഖാമൂലം എഴുതി അറിയിക്കുകയും ചെയ്യാം. സംസാരിക്കാൻ കഴിയാത്തവൻ ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കാം. അകലെയുള്ള ഭാര്യയുടെ അടുത്തേക്ക് സന്ദേശവാഹകനെ അയക്കുകയും ചെയ്യാമെന്ന് പണ്ഡിതർക്ക് അഭിപ്രായമുണ്ട്. ഭാര്യയെ ത്വലാഖ് ചെയ്താൽ ഇദ്ദ കാലം തീരുന്നതിനു മുമ്പ് അവളെ തിരിച്ചെടുക്കാൻ അനുവദിക്കപ്പെട്ടത് രണ്ട് തവണ ത്വലാഖ് ചെയ്യുന്നതുവരെ മാത്രമാണ്. മൂന്നാം തവണയും ത്വലാഖ് ചെയ്താൽ പിന്നെ തിരിച്ചെടുക്കാൻ പാടില്ല. വിവാഹാനന്തരം ഒത്തു പോകില്ലെന്ന് ദമ്പതികൾക്ക് ബോധ്യമായാൽ കൂടിയാലോചനക്ക് ശേഷം ത്വലാഖ് ചൊല്ലുക. ഇദ്ദ കാലത്ത് തിരിച്ചെടുക്കുകയോ ഇദ്ദക്ക് ശേഷം പുനർവിവാഹം ചെയ്യുകയോ ചെയ്യുക. വീണ്ടും പൊരുത്തക്കേടുണ്ടാകുമ്പോൾ ത്വലാഖ് ചൊല്ലുക. എന്നിട്ട് ഇദ്ദ കാലത്ത് തിരിച്ചെടുക്കുകയോ ഇദ്ദ കാലത്തിന് ശേഷം പുനർവിവാഹം ചെയ്യുകയോ ആവാം. എന്നിട്ടും വിയോജിപ്പിലാകുമ്പോൾ വിവാഹമോചനം ചെയ്യുക. മൂന്നാം തവണ ത്വലാഖ് ചെയ്തു കഴിഞ്ഞാൽ പിന്നെ അവളെ തിരിച്ചെടുക്കാനോ പുനർവിവാഹം ചെയ്യാനോ പാടുള്ളതല്ല. എന്നാൽ മറ്റൊരു പുരുഷൻ സ്വാഭാവിക നിലയിൽ അവളെ വിവാഹം ചെയ്യുകയും പിന്നീട് ന്യായമായ കാരണങ്ങളാൽ അയാൾ വിവാഹമോചനം നേടുകയും ചെയ്താൽ ആദ്യ ഭർത്താവിന് ആവശ്യമെങ്കിൽ അവളെ വിവാഹം ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ അതിനായി മറ്റൊരാൾ താൽക്കാലികമായി വിവാഹം ചെയ്യാനും എന്നിട്ട് മൊഴി ചൊല്ലാനും പാടില്ല. ‘ചടങ്ങു നിൽക്കൽ’ എന്ന ഈ നാട്ടാചാരം അനിസ്‌ലാമികമാണ്.
സ്ത്രീയുടെ ശാരീരിക-മാനസിക നിലകളിൽ സ്പഷ്ടമായ മാറ്റമുണ്ടാകാവുന്ന സമയമാണ് ആർത്തവ കാലം. അവൾക്ക് ശാരീരിക വേദനകളും ദേഷ്യവും മറവിയും കൂടുതലായിരിക്കും. അക്കാരണത്താൽതന്നെ ആർത്തവകാലത്ത് തമ്മിൽ പിണങ്ങാനും സാധ്യത കൂടുതലാണ്. ഈ പിണക്കം വിവാഹമോചനത്തിലേക്ക് നയിച്ചുകൂടാ.
ശുദ്ധികാലത്ത് തന്റെ ഭാര്യയെ ത്വലാഖ് ചെയ്യുന്ന പുരുഷൻ പക്ഷേ, അവരെ വീട്ടിൽനിന്ന് പുറത്താക്കാൻ പാടില്ല. അവർപുറത്തുപോകാനും പാടില്ല. മൂന്നു തവണ ആർത്തവമുണ്ടാകുന്നതുവരെ അവർ ഭർതൃഗൃഹത്തിൽതന്നെ താമസിക്കേണ്ടതാണ്. ആർത്തവം നിലച്ചവർക്ക് മൂന്നു മാസക്കാലവും ഗർഭിണികൾക്ക് പ്രസവം വരെയുമാണ് ഈ കാലാവധി. ഇദ്ദാകാലമെന്നാണ് ഈ കാലാവധിക്ക് സാങ്കേതികമായ പേര്. ഈ കാലത്ത് വിവാഹമോചിത ഭർതൃഗൃഹത്തിൽതന്നെ താമസിക്കണമെന്നാണ് ഖുർആനിന്റെ വിധി.
ഇദ്ദയുടെ കാലത്ത് സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരല്ല. എന്നാൽ, അന്യരുമല്ല. പുരുഷന്റെ വീട്ടിലാണ് അവൾ കഴിയുന്നത്. വിവാഹമോചനം ചെയ്ത ശേഷവും സ്ത്രീ ഭർത്താവിന്റെ വീട്ടിൽതന്നെ താമസിക്കുന്നത് ഇരുവരുടെയും മനസ്സ് മാറ്റുവാൻ ഉപകരിക്കും. ഇദ്ദാകാലത്ത് അവളെ മടക്കിയെടുക്കുവാൻ പുരുഷന് അവകാശമുണ്ട്. നിരുപാധികം അയാൾക്ക് അതിന് സാധിക്കും. കുടുംബമെന്ന പവിത്രമായ സ്ഥാപനം തകരാതിരിക്കുന്നതിന് കർക്കശമായ നിയമങ്ങൾ അടിച്ചേൽപിക്കാതെതന്നെ എത്ര ശാസ്ത്രീയമായ മാർഗങ്ങളാണ് ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്.
വിവാഹമോചനം നടത്തി. മൂന്ന് ആർത്തവകാലം കഴിയുന്നതുവരെ ഭർതൃഗൃഹത്തിൽ അവൾ താമസിക്കുകയും ചെയ്തു.
എന്നിട്ടും അവർ തമ്മിൽ ഇണങ്ങാൻ മാർഗമില്ല. എങ്കിൽ പിന്നെ മോചനം തന്നെയാണ് പരിഹാരം. ഈ മോചനം പോലും മാന്യമായിരിക്കണമെന്നാണ് ഖുർആനിന്റെ അനുശാസന. “ഒന്നുകിൽ മാന്യമായി അവളെ പിടിച്ചുനിർത്തുക, അല്ലെങ്കിൽ മാന്യമായി അവളെ പിരിച്ചയക്കുക” (65:2).
നോട്ട്: വിവാഹങ്ങൾ പോലെ മഹല്ലുകളിൽ നടക്കുന്ന ത്വലാഖ്, ഖുൽഅ്, ഫസ്‌ഖ് തുടങ്ങിയവയും മഹല്ലുകളുടെ മധ്യസ്ഥതയിലും അറിവോടെയുമാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്താനായാൽ വിവാഹമോചനം സംബന്ധമായ പല സങ്കീർണതകളും പരിഹരിക്കാൻ സാധിക്കും.