കുടുംബം; മഹല്ലുകൾക്ക് ഒരു മാർഗരേഖ

ഖുൽഅ്

ഭർത്താവിനോടൊപ്പമുള്ള ദാമ്പത്യജീവിതം ദുഷ്‌കരമാവുന്ന സാഹചര്യത്തിൽ സ്ത്രീക്ക് ബന്ധത്തിൽനിന്ന് ഒഴിവാകുന്നതിന് ഇസ്‌ലാം അനുവദിക്കുന്ന മാർഗമാണ് ഖുൽഅ്. ഭർത്താവിനൊപ്പമുള്ള ജീവിതം തുടർന്നാൽ പല അനിഷ്ട സംഭവങ്ങളും അരുതായ്മകളും ഉണ്ടാകുമെന്ന് സ്ത്രീ ന്യായമായും ഭയപ്പെടുന്ന ഘട്ടം സംജാതമായാൽ അയാളുമായുള്ള വിവാഹ ബന്ധത്തിൽനിന്ന് സ്ത്രീ തന്നെ മുൻകൈയെടുത്ത് ഒഴിവാകാൻ ശ്രമിക്കുന്ന അപൂർവമായ വിവാഹമോചന പ്രക്രിയയാണ് ഖുൽഅ്.

ക്രൂരനും ദുസ്സ്വഭാവിയും തീരെ ഇഷ്ടപ്പെടാത്തവനുമായ ഒരുത്തന്റെ കൂടെയാണെങ്കിലും ഭാര്യ എന്ന നിലയിൽ അയാൾക്ക് വിധേയപ്പെട്ട് ജീവിതം ഹോമിച്ച് കളയണമെന്ന് ഇസ്‌ലാം സ്ത്രീയെ നിർബന്ധിക്കുന്നില്ല. എന്നാൽ വിട്ടുവീഴ്ച ചെയ്യാവുന്ന ചില്ലറ പ്രശ്‌നങ്ങളുണ്ടാകുമ്പോഴേക്ക് എടുത്തുപയോഗിക്കാനും ദുരുപയോഗപ്പെടുത്താനുമുള്ളതല്ല ഈ നിയമം.

ഖുൽഇൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:

  1. പുരുഷൻ വിവാഹ സമയത്ത് ഭാര്യക്ക് നൽകിയ മഹ്ർ ഭർത്താവിന് തിരിച്ചു കൊടുക്കണം. സ്ത്രീയാണ് വിവാഹമോചനത്തിന് മുതിരുന്നത് എന്നതാണ് കാരണം. സാധാരണ വിവാഹമോചനത്തിൽ മഹ്ർ തിരിച്ചു ചോദിക്കാനോ തിരിച്ചു വാങ്ങാനോ പുരുഷന്െ പാടില്ലാത്തതാകുന്നു.
  2. ഒരു സ്ത്രീ നിർവാഹമില്ലെങ്കിൽ മാത്രമേ സാധാരണ നിലക്ക് മഹ്ർ തിരിച്ചു കൊടുക്കാൻ സന്നദ്ധതയറിയിച്ച് പുരുഷനോട് വിവാഹമോചനം ആവശ്യപ്പെടുകയുള്ളൂ. ഇവിടെ വിവാഹ മോചനം സ്ത്രീയുടെ ആവശ്യമായതിനാൽ അക്കാര്യം മനസ്സിലാക്കി പുരുഷൻ വിവാഹമോചനത്തിന് സന്നദ്ധമാകണം.
  3. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശിക്കപ്പെട്ട നിയമാനുസൃത മാർഗങ്ങൾ എല്ലാം പരാജയപ്പെട്ടാലേ സ്ത്രീ ഖുൽഅ് ആവശ്യപ്പെടാൻ പാടുള്ളൂ.
  4. ഖുൽഇലൂടെ മഹ്ർ തിരിച്ചുനൽകാൻ സ്ത്രീ മുന്നോട്ട് വന്നിട്ടും പുരുഷൻ വിവാഹമോചനം നൽകാതെ അവരെ വിഷമിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ഫസ്ഖിലൂടെ വിവാഹബന്ധം വേർപ്പെടുത്താനുള്ള വഴികൾ തേടുകയാണ് വേണ്ടത്.

നിലനിൽക്കുന്ന കോടതിവിധി പ്രകാരം സ്ത്രീ ഏകപക്ഷീയമായി ഖുൽഇലൂടെയോ ഫസ്ഖിലൂടെയോ വിവാഹബന്ധം വേർപെടുത്തിയാൽ കോടതിക്ക് മുമ്പിൽ പ്രസ്തുതബന്ധം വേർപെടുമെങ്കിലും ശർഇയ്യായി വേർപെടുകയില്ല. ആയതിനാൽ ഖാദിയോ യോഗ്യരായ മധ്യസ്ഥർ വഴിയോ മാത്രമാണ് ഫസ്ഖ് സാധ്യമാവുകയുള്ളൂ.