കുടുംബം, വിവാഹം, വിവാഹമോചനം, രക്ഷാകർതൃത്വം തുടങ്ങിയ കാര്യങ്ങളിൽ ഇസ്‌ലാമിക അധ്യാപനങ്ങൾ സംബന്ധിച്ച് മഹല്ല് അംഗങ്ങളെ ബോധവത്കരിക്കുന്നതിന് സംവിധാനമുണ്ടാവുക.
കുടുംബഘടന, സദാചാര വിശുദ്ധി എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ലിബറൽ കാഴ്ചപ്പാടുകളുടെ അപകടങ്ങളെ കുറിച്ച ബോധവത്കരണത്തിന് സംവിധാനമുണ്ടാവുക. മഹല്ലുനിവാസികൾക്കിടയിൽ ധാർമ്മിക, സദാചാര നിയമങ്ങളും മൂല്യങ്ങളും വളർത്തിയെടുക്കാനും നിലനിർത്താനും നിരന്തരം യത്നിക്കുക. അശ്ലീലതക്കും നിർലജ്ജതക്കുമെതിരെ സമൂഹത്തെ ബോധവത്‌കരിക്കുക. സോഷ്യൽ മീഡിയാ നെറ്റ്‌വർക്കുകളും ഡിജിറ്റൽ പ്ലാറ്റ്ഫോറവും കുടുംബജീവിതത്തിൽ ഉണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച ശരിയായ അവബോധം വളർത്തുക.
കുടുംബങ്ങളിൽ കൂടിയാലോചനാ സംസ്കാരം വളർത്തിയെടുക്കാൻ ബോധവത്കരണം നടത്തുക.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരാമർശിക്കുന്ന പെരുമാറ്റച്ചട്ടം ഉണ്ടാക്കുക.
വിവാഹിതരാവാൻ പോവുന്ന യുവതി യുവാക്കൾക്കായി പ്രിമാരിറ്റൽ ക്ലാസുകൾ സംഘടിപ്പിക്കുക. ഇവയിൽ പങ്കെടുക്കുന്നവരുടെ നികാഹ് കർമ്മത്തിന് മാത്രമായിരിക്കണം മഹല്ല് നേതൃത്വം വഹിക്കേണ്ടത്.
പ്രശ്‌നപരിഹാരം, ഫലപ്രദമായ ആശയവിനിമയം, വൈകാരിക ക്ഷേമം എന്നിവയെക്കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കാൻ യോഗ്യതയുള്ള ഇസ്‌ലാമിക പണ്ഡിതന്മാർ, കൗൺസിലർമാർ എന്നിവരെ ഉപയോഗിച്ച് പതിവായി ഫാമിലി കൗൺസലിംഗ് സെഷനുകൾ സംഘടിപ്പിക്കണം.
വിവാഹിതരായ യുവതി - യുവാക്കൾക്കായി പോസ്റ്റ് മാരിറ്റൽ കൗൺസലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുക.
രക്ഷാകർതൃത്വത്തിന്റെ പുതിയ പാഠങ്ങളും പ്രവണതകളും അഭിമുഖീകരിക്കപ്പെടുന്ന രീതിയിൽ രക്ഷിതാകൾക്കായി പാരന്റിംഗിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക.
കുടുംബാംഗങ്ങൾ അല്ലെങ്കിൽ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മഹല്ലുകളിൽ ഒരു ഫാമിലി കൗൺസിലിംഗ് ടീം രൂപീകരിക്കുക.
വിവാഹിതർ, വിവാഹപ്രായമെത്തിയവർ തുടങ്ങിയവരുടെ പട്ടിക സൂക്ഷിക്കുക. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന പുരുഷന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കുക. സ്ത്രീകളുടെ വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയ്യെടുക്കുക.
വിവാഹമോചിതരുടെയും വിധവകളുടെയും വിവാഹത്തിന് പ്രത്യേകം ഊന്നൽ നൽകണം.
ലഹരിക്ക് അടിപ്പെട്ടവരെയും ക്രിമിനൽ സ്വഭാവക്കാരെയും അതിൽനിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിക്കുക.
വിവാഹം പോലെത്തന്നെ വിവാഹമോചനവും മഹല്ല് ഖാദിയുടെയും മസ്‌ലഹത്ത് സമിതിയുടെയും അറിവോടെയും സാന്നിദ്ധ്യത്തിലുമായിരിക്കണം.
വൃദ്ധരായ മാതാപിതാക്കൾക്ക് മാന്യമായ സംരക്ഷണവും പരിഗണനയും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പ്രാപ്തരായ മക്കളുണ്ടായിട്ടും വൃദ്ധരായ മാതാപിതാക്കൾക്ക് മാന്യമായ സംരക്ഷണം ലഭിക്കാത്ത അവസ്ഥ ഒരു കുടുംബത്തിലും ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം.
രണ്ടാം വിവാഹത്തിന് കാർമ്മികത്വം വഹിക്കുന്നത് ഒന്നിലേറെ ഭാര്യമാരോട് നീതി പുലർത്തുമെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം. നീതി രഹിതമായ ബഹുഭാര്യത്വത്തിന് മഹല്ല് കൂട്ടുനിൽക്കരുത്.
മഹല്ല് പരിധിയിൽ നടക്കുന്ന അനന്തരസ്വത്ത് വിഭജനം പൂർണ്ണമായും ഇസ്‌ലാമികമായാണെന്ന് ഉറപ്പ് വരുത്തുക. അതിനായി ഇവ്വിഷയകമായി മഹല്ലുനിവാസികളെ ബോധവത്കരിക്കുക. അനന്തരാവകാശികൾക്കിടയിൽ പ്രശ്‌നമുണ്ടാവാതിരിക്കാൻ സ്വത്ത് വിഭജനം വൈകാതിരിക്കാൻ ശ്രദ്ധിക്കുക. മരിച്ചയാളുടെ സ്വത്ത് നേരത്തെ ഓഹരിചെയ്യുന്നത് മോശമാണെന്ന ധാരണ മാറ്റിയെടുക്കുക.