കുടുംബം; മഹല്ലുകൾക്ക് ഒരു മാർഗരേഖ

കുടുംബ ജീവിതം; ഒരാമുഖം

സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമാണ് കുടുംബം.

കുടുംബത്തിന്റെ വളർച്ചയും തളർച്ചയും നാഗരിക പുരോഗതിയെയും അതിന്റെ പതനത്തെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബമായി കഴിയുക എന്നത് മനുഷ്യ സൃഷ്ടിപ്പിന്റെ താൽപര്യമാണ്. മനുഷ്യനിൽ അന്തർലീനമായ കഴിവുകളുടെ വികാസത്തിനും അവന്റെ വ്യക്തിത്വത്തിന്റെ സഫലീകരണത്തിനും പ്രകൃതി നിശ്ചയിച്ച ഉപാധിയാണത്. അതുകൊണ്ടുതന്നെ കുടുംബ സംവിധാനത്തെ എതിർക്കുന്നവർ പ്രകൃതിയെതന്നെയാണ് എതിർക്കുന്നത്.

മുന്തിരിവള്ളിക്ക് വളരാൻ ഒരു താങ്ങ് ആവശ്യമായതുപോലെ മനുഷ്യനും വളർന്നു പടരാൻ ഒരു താങ്ങ് ആവശ്യമാണ്. കുടുംബവും സമൂഹവുമാണ് മനുഷ്യന് വളരാനുള്ള ആ താങ്ങ്. അത് ലഭിച്ചില്ലെങ്കിൽ മനുഷ്യൻ ഉണങ്ങി നശിച്ചു പോകും. ഒരാളുടെ കുടുംബ ജീവിതത്തിലെ വിജയവും സംതൃപ്തിയും അദ്ദേഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതുപോലെ അവിടെയുണ്ടാകുന്ന പരാജയവും അസംതൃപ്തിയും നിഴൽപോലെ അവരെ പിന്തുടരുകയും ചെയ്യും എന്നത് ഒരു സത്യമാണ്.

സമാധാനത്തിന്റെ തണലും സന്തോഷത്തിന്റെ തണുപ്പും ലഭിക്കേണ്ട വീടകങ്ങളിൽ നിന്ന് അവ കിട്ടാതെ വരുമ്പോൾ മനുഷ്യൻ കടുത്ത നൈരാശ്യത്തിൽ അകപ്പെടും. ആ നൈരാശ്യം ലഹരിയിലേക്കും അവിഹിതങ്ങളിലേക്കും ഒരുവേള ആത്മഹത്യയിലേക്കും അവനെ കൊണ്ടെത്തിക്കും. പുതിയ കാലത്ത് മനുഷ്യർ തമ്മിലുള്ള ഭൗതികമായ അകലം വളരെ കുറവാണ്. എത്ര വിദൂരത്തുള്ളവരുമായും കണ്ടും കേട്ടും ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളുണ്ട്. എന്നാൽ മനുഷ്യ മനസ്സുകൾ വളരെയേറെ അകന്നുകൊണ്ടിരിക്കുകയാണ്. കുടുംബ കോടതികളിൽ കുന്നുകൂടുന്ന കേസുകൾ, പ്രശ്നപരിഹാരത്തിനായി മനഃശാസ്ത്ര വിദഗ്ധരെ സമീപിക്കുന്നവരുടെ വർധന, മനോരോഗികളുടെ ബാഹുല്യം, ആത്മഹത്യയിൽ അഭയം തേടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്ക് തുടങ്ങിയവയെല്ലാം കുടുംബജീവിതത്തിന്റെ താളാത്മകത എത്രത്തോളം തകിടം മറിഞ്ഞുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്.

കുടുംബത്തിന്റെ ഉത്ഭവം, ധർമം, സ്വഭാവം, ഘടന എന്നിവയെക്കുറിച്ച് ഇസ്‌ലാമിന് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനിന്റെ വിധികളിൽ മൂന്നിലൊന്നോളം കുടുംബത്തെയും അതിന്റെ ക്രമീകരണത്തെയും സംബന്ധിച്ചാണ്. കുടുംബം, കുടുംബ ബന്ധങ്ങൾ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം ഇവയെക്കുറിച്ചൊക്കെ നീണ്ട വിവരണങ്ങൾ തന്നെ ഖുർആനിൽ കാണാം. അതിന്റെ വിശദീകരണമെന്ന നിലക്കുള്ള പ്രവാചക വചനങ്ങൾ വേറെയുമുണ്ട്.

‘മസ്കൻ’ എന്ന പദമാണ് വീടിന് ഖുർആൻ പ്രയോഗിച്ചിട്ടുള്ളത്. മനസ്സിന് സ്വസ്ഥതയും സമാധാനവും സന്തോഷവും പകർന്നുകൊടുക്കുന്ന ഇടം എന്ന് സാരം. ഇസ്‌ലാമിക മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്ന കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുത്താൽ ആ വീട് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടമായി അനുഭവപ്പെടും, തീർച്ച. വീട്ടിൽ താമസിക്കുന്ന ഇണതുണകളും മക്കളും മാതാപിതാക്കളും തമ്മിൽ നിലനിൽക്കേണ്ട ചേർച്ചയും കോർവ്വയുമാണ് വീടകങ്ങളെ മസ്കനുകളാക്കി മാറ്റുന്നത്. വീടിനെ ശാന്തിഗേഹമാക്കി മാറ്റാൻ കഴിയുന്നവിധം കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ വീട്ടിലുള്ളവർക്ക് സാധിക്കണം. അതിനാവശ്യമായ ഉദ്ബോധനങ്ങളും പ്രായോഗിക മാതൃകകളുമാണ് മഹല്ല് നിവാസികൾക്ക് നമുക്ക് നൽകാൻ സാധിക്കേണ്ടത്.