മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

അനുബന്ധം 2: സാമ്പത്തിക പുരോഗതിയും അച്ചടക്കവും

  1. വിദ്യാർത്ഥികളെയും യുവാക്കളെയും തൊഴിലിന്റെ മഹത്വത്തെ സംബന്ധിച്ച് ബോധവൽകരിക്കുക. അദ്ധ്വാനിക്കാതെ ആഹരിക്കുന്നത് ഒഴിവാക്കപ്പെടേണ്ട ഹീനകൃത്യമാണെന്ന് മുഴുവൻ മഹല്ല് നിവാസികളെയും ബോധ്യപ്പെടുത്തുക.
  2. ചില തൊഴിലുകൾ മാന്യവും മറ്റു ചിലത് മോശവുമാണെന്ന ധാരണ തിരുത്തുക. ഏതു തൊഴിലും ആർക്കും പഠിക്കാം, ചെയ്യാം എന്ന ബോധം വളർത്തുക.
  3. കഴിവും സാമ്പത്തിക ശേഷിയും സാമർത്ഥ്യവുമുള്ളവരെ തൊഴിൽ സാധ്യതകളുള്ള സംരംഭങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കുക.
  4. കൃഷി, അടുക്കളത്തോട്ടം, കന്നുകാലിവളർത്തൽ, കോഴി വളർത്തൽ, മത്സ്യം വളർത്തൽ, പലഹാര നിർമ്മാണം പോലുള്ളവക്ക് പ്രേരണയും പ്രോത്സാഹനവും നൽകുക.
  5. മഹല്ലിലെ കഴിവും യോഗ്യതയുമുള്ള ഒന്നോ രണ്ടോ വ്യക്തികളെ നാട്ടിലും മറുനാട്ടിലുമുള്ള തൊഴിൽ സാധ്യതകളെ സംബന്ധിച്ച് പഠിക്കാൻ ചുമതലപ്പെടുത്തുക. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾതന്നെ പള്ളിയിലെ നോട്ടീസ് ബോർഡിൽ പതിക്കുക. സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ മേഖല, ഗൾഫ് നാടുകൾ, മററു വിദേശ രാജ്യങ്ങൾ തുടങ്ങിയ സാധ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കി മഹല്ല് നിവാസികളെ അറിയിക്കണം. പി എസ് സി പരീക്ഷ ഉൾപ്പെടെ ഇത്തരം വിവരങ്ങൾ വെള്ളിയാഴ്ച ജുമുഅക്കു ശേഷം വിളംബരം ചെയ്യുന്നത് നല്ലതാണ്.
  6. പള്ളി ലൈബ്രറിയിൽ തൊഴിൽ സാധ്യതകളെ സംബന്ധിച്ച പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തുക.
  7. തുന്നൽ, ഫർണിച്ചർ നിർമ്മാണം, സോപ്പ് നിർമ്മാണം പോലുള്ളവയിൽ പരിശീലനം നൽകുക.
  8. തൊഴിലുപകരണങ്ങൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുക.
  9. അനുവദനീയ മാർഗ്ഗത്തിലൂടെ മാത്രമേ വരുമാനമുണ്ടാക്കാവൂ എന്ന ബോധം മഹല്ലുനിവാസികളിൽ നിരന്തരം വളർത്തിക്കൊണ്ടിരിക്കുക. നിഷിദ്ധമായ വരുമാനമാർഗ്ഗമവലംഭിച്ച ആരെങ്കിലുമുണ്ടെങ്കിൽ ഖാദിയും മഹല്ലു ഭാരവാഹികളും യുക്തിപൂർവ്വം ബന്ധപ്പെട്ട് അതിൽനിന്ന് പിന്തിരിപ്പിക്കുക.
  10. ധൂർത്ത്, ദുർവ്യയം, ആർഭാടം തുടങ്ങിയവയ്‌ക്കെതിരെ മഹല്ലു നിവാസികളെ ബോധവൽകരിച്ചുകൊണ്ടേയിരിക്കുക. വിവാഹം, സൽകാരം, വീടുനിർമ്മാണം തുടങ്ങിയവയിൽ ധൂർത്തും ദൂർവ്യയവും സംഭവിക്കാതിരിക്കാൻ മുൻകൂട്ടി തന്നെ നടപടികൾ സ്വീകരിക്കുക.
  11. ഭക്ഷണത്തിലെ അമിതത്വത്തിന്റെ അപകടങ്ങളെസംബന്ധിച്ച് ബോധവൽക്കരിക്കുക. രോഗഹേതുകമായ ഭക്ഷണരീതി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക.