മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

അനുബന്ധം 3: ഭദ്രമായ കുടുംബം

കുടുംബവുമായി ബന്ധപ്പെട്ട് താഴെ കുറിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമത്രെ.

  1. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരാമർശിക്കുന്ന വ്യക്തമായ ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുക. ധൂർത്തും ദുർവ്യയവും ആർഭാടവും മറ്റു അനാവശ്യ കാര്യങ്ങളും സാമൂഹിക തിന്മകളും പൂർണ്ണമായും ഇല്ലാതാക്കാൻ പര്യാപ്തമായിരിക്കണം പെരുമാറ്റച്ചട്ടം. അത് പള്ളിക്കമ്മറ്റിയുടെ പരിധിയിലുള്ള എല്ലാവരും കണിശമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അവ പാലിക്കാത്ത വിവാഹങ്ങൾക്ക് പള്ളിക്കമ്മറ്റി സഹകരിക്കുകയോ ഇമാം കാർമികത്വം വഹിക്കുകയോ ഇല്ലെന്ന് തീരുമാനിക്കുക.

2 സ്ത്രീധനം, സൗന്ദര്യഭ്രമം എന്നിവക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുക. സ്ത്രീധനം വാങ്ങുന്നവരെ നേരിൽകണ്ട് അതിൽനിന്ന് പിന്തിരിപ്പിക്കുക. വാങ്ങിയവരെ തിരിച്ചുകൊടുക്കാൻ പ്രേരിപ്പിക്കുക. സ്ത്രീധനത്തിലെ അനിസ്‌ലാമികതയെയും അശ്ലിലതയെയും സംബന്ധിച്ച് ഖുത്വുബകളിൽ ഇടക്കിടെ ഉൽബോധനം നടത്തുക.

  1. മഹല്ലിലെ വിവാഹപ്രായമെത്തിയ സ്ത്രീ പുരുഷൻമാരുടെ പട്ടിക സൂക്ഷിക്കുക. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന പുരഷൻമാരെ വിവാഹത്തിന് പ്രേരിപ്പിക്കുക. സ്ത്രീകളുടെ വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയ്യെടുക്കുക.
  2. പണപിരിവു നടത്തി സ്ത്രീധനം നൽകാൻ സഹായിക്കുന്നതിനു പകരം വിവാഹത്തിനും കുടുംബ ജീവിതം നയിക്കാനും പ്രയസപ്പെടുന്ന പുരുഷന്മാരെ സഹായിക്കുന്ന രീതി സ്വീകരിക്കുക. അവർക്ക് തൊഴിലും താമസ സൗകര്യവും വിവാഹത്തിനാവശ്യമായ സഹായവും നൽകുക.
  3. ലഹരിക്ക് അടിപ്പെട്ടവരെയും ക്രിമിനൽ സ്വഭാവക്കാരെയും അതിൽനിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിക്കുക. വിജയിക്കുന്നില്ലെങ്കിൽ അത്തരക്കാരുടെ വിവാഹത്തിന് മഹല്ല് നേതൃത്വം നൽകാതിരിക്കുക.
  4. വിവാഹം മഹല്ലിൽ റജിസ്റ്റർ ചെയ്യുക.
  5. വിവാഹം പോലെത്തന്നെ വിവാഹമോചനവും മഹല്ല് ഖാദിയുടെയും മസ്വ്‌ലഹത്ത് സമിതിയുടെയും അറിവോടെയും സാന്നിദ്ധ്യത്തിലുമായിരിക്കണം. ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായാൽ അവ പരിഹരിക്കാൻ അനുരജ്ഞന സംഭാഷണം നടത്തണം. വിജയിക്കുന്നില്ലെങ്കിൽ ഇരുവരെയും കൗൺസലിംഗിന് വിധേയരാക്കണം. എന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ വിഹാഹമോചനം അനിവാര്യമായി വരികായാണെങ്കിൽ അത് ഉഭയകക്ഷി സമ്മതപ്രകാരമാകാൻ പരമാവധി ശ്രമിക്കണം. ഇദ്ദാ കാലത്തെ ചെലവും മതാഉം മറ്റു ബാധ്യതകളും ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കണം ത്വലാഖ് നടക്കുന്നത് . ഒരൊറ്റ ത്വലാഖേ അനുവാദിക്കാവൂ. ഇദ്ദാകാലത്ത് ദാമ്പത്യത്തിലേക്ക് മടങ്ങാൻ ഇരുവരെയും പ്രേരിപ്പിച്ചു കൊണ്ടിരിക്കണം.
  6. പ്രാപ്തരായ മക്കളുണ്ടായിട്ടും വൃദ്ധരായ മാതാപിതാക്കൾക്ക് മാന്യമായ സംരക്ഷണം ലഭിക്കാത്ത അവസ്ഥ ഒരു കുടുംബത്തിലും ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം.
  7. വിവാഹമോചിതരുടെയും വിധവകളുടെയും വിവാഹത്തിന് പ്രത്യേകം ഊന്നൽ നൽകണം.
  8. വിവാഹത്തട്ടിപ്പുകൾ നടക്കാതിരിക്കാൻ തികഞ്ഞ ശ്രദ്ധപൂലർത്തണം. വിദൂര പ്രദേശത്തുകാർക്കും അന്യസംസ്ഥാനക്കാർക്കും വിദേശികൾക്കും പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നത് സൂക്ഷ്മമായ അന്വേഷണത്തിനും പഠനത്തിനും ശേഷം മാത്രമായിരിക്കണം. ഇക്കാര്യത്തിൽ ബന്ധുക്കളുടെ ദുർബലമായ അന്വേഷണം കൊണ്ട് തൃപ്തരാകരുത്.
  9. അനാഥരായ ബാലികാ - ബാലൻമാരുടെ സംരക്ഷണം, വിദ്യാഭ്യാസം, ശിക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
  10. രണ്ടാം വിവാഹത്തിന് കാർമ്മികത്വം വഹിക്കുന്നത് ഒന്നിലേറെ ഭാര്യമാരോട് നീതി പുലർത്തുമെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം. നീതി രഹിതമായ ബഹുഭാര്യത്വത്തിന് മഹല്ല് കൂട്ടുനിൽക്കരുത്.
  11. മഹല്ലിൽ നടക്കുന്ന അനന്തരസ്വത്തിന്റെ വിഭജനം പൂർണ്ണമായും ഇസ്‌ലാമികമായാണെന്ന് ഉറപ്പ് വരുത്തുക. അതിനായി ഇവ്വിഷയകമായി മഹല്ലുനിവാസികളെ ബോധവത്കരിക്കുക. അനന്തരാവകാശികൾക്കിടയിൽ പ്രശ്‌നമുണ്ടാവാതിരിക്കാൻ സ്വത്ത് വിഭജനം വൈകാതിരിക്കാൻ ശ്രദ്ധിക്കുക. മരിച്ചയാളുടെ സ്വത്ത് നേരത്തെ ഓഹരിചെയ്യുന്നത് മോശമാണെന്ന ധാരണ മാറ്റിയെടുക്കുക.
  12. മഹല്ലുനിവാസികൾക്കിടയിൽ ധാർമ്മിക, സദാചാര നിയമങ്ങളും മൂല്യങ്ങളും വളർത്തിയെടുക്കാനും നിലനിർത്താനും നിരന്തരം യത്‌നിക്കുക. അശ്ലീലതക്കും നിർലജ്ജതക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കുക. ടി വിയും ഇന്റർനെറ്റും മൊബൈലും വരിത്തിയേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച ശരിയായ അവബോധം വളർത്തുക.
  13. വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ പഠന, വിനോദയാത്രകൾ, വിദ്യാലയങ്ങളിലെ കലോത്സവങ്ങൾ എന്നിവയിലെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുക.
  14. വിവാഹം പരമാവധി ലളിതവും അനാചാരമുക്തവുമാക്കാൻ നിർദ്ദേശിക്കുകയും ആവശ്യമെങ്കിൽ ഇടപെടുകയും ചെയ്യുക. വരന്റെ കൂടെ പോകുന്നവരും വരുന്നവരും മാന്യേതരമായി ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുക. വിവാഹത്തലേന്ന് രാത്രി അത്യാചാരങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ബന്ധപ്പെട്ടവരെ ബോധവത്കരിക്കുക. വിവാഹം ഒരൊറ്റ പകലിൽ ഒതുക്കാൻ നിർദ്ദേശിക്കുക. മഹല്ലിൽ വിവാഹത്തോടനുബന്ധിച്ച് അഹിതമായതൊന്നും സംഭവിക്കരുത്.