പള്ളികൾ വിശാലവും സൗകര്യപ്രദവുമായിരിക്കുക. പള്ളികളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക. സാധ്യമെങ്കിൽ പള്ളിയോടനുബന്ധിച്ച് പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ സംവിധാനിക്കുക. പള്ളിയുടെ സ്ഥലം പാഴ്‌നിലമാവാതിരിക്കാൻ ജാഗ്രത പുലർത്തുക.
പള്ളി ഇമാമിന് കൂടുംബ സമേതം താമസിക്കാൻ സൗകര്യമേർപ്പെടുത്തുന്നത് നന്നായിരിക്കും, സാധ്യമല്ലെങ്കിൽ പള്ളിയോടനുബന്ധിച്ച് സൗകര്യപ്രദമായ റൂമെങ്കിലും സജ്ജമാക്കണം.
ഇമാമും ഖാദിയും ഖത്വീബും ഒരാളാകുന്നതിന് വിരോധമില്ല. യോഗ്യനും പ്രാപ്തനുമായിരിക്കണം. മാന്യമായി ശമ്പളം നൽകുകയും വേണം.
മുഅദ്ദിനും ഇമാമും പള്ളി വൃത്തിയാക്കുന്നയാളും ഒരാളാവാതിരിക്കാൻ കണിശത പുലർത്തണം. ബാങ്ക് പരമാവധി ആകർഷകമാക്കാൻ ശ്രമിക്കുക.
ഇമാം മഹല്ല് നിവാസികൾക്ക് പ്രാപ്യവും അവരുടെ യഥാർത്ഥ മുറബ്ബി (ശിക്ഷണവും നേതൃത്വവും നൽകുന്നയാൾ) യായിരിക്കുകയും വേണം. നാട്ടുകാരുടെ സംശയനിവാരണത്തിന് അവംലംബിക്കാവുന്ന വ്യക്തിയുമായിരിക്കണം.
വർഷത്തിലൊരിക്കൽ മഹല്ലിലെ മുഴുവൻ ആളുകളും പങ്കെടുക്കുന്ന മഹല്ല് സംഗമം സംഘടിപ്പിക്കണം. അതിനോടനുബന്ധിച്ച് കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങളും കായിക വിനോദ മത്സരങ്ങളുമുണ്ടായിരിക്കണം. പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളെ ആദരിക്കന്നതും ഖുർആൻ പഠന വേദിയിൽ മികവുപുലർത്തുന്നവർക്ക് സമ്മാനംനൽകുന്നതും മഹല്ല്‌സംഗമങ്ങളിൽവെച്ചാകുന്നത് നല്ലതാണ്.
മഹല്ല് സംഗമങ്ങൾ ജാതി മത ഭേദമന്യേ മുഴുവൻ ആളുകൾക്കും പങ്കെടുക്കാൻ സാധിക്കും വിധമായിരിക്കണം സംഘടിപ്പിക്കുന്നത്.
ക്ലസ്റ്റർ ഭാരവാഹികൾ, മഹല്ല് കമ്മറ്റി, സകാത് കമ്മറ്റി, വിദ്യാഭ്യാസ സമിതി, മസ്വലഹത്ത് സമിതി, സേവന വേദി, വനിത വേദി എന്നിവയുടെയൊക്കെ കാലാവധി പരമാവധി മൂന്ന് വർഷമായിരിക്കണം.
എല്ലാ തലങ്ങളിലുമുള്ള എക്കൗണ്ടുകൾ എപ്പോഴും കൃത്യവും സുതാര്യവും മഹല്ല് നിവാസികൾക്ക് പ്രാപ്യവുമായിരിക്കണം. വർഷത്തിലൊരിക്കൽ മഹല്ല് സംഗമങ്ങളിലോ മറ്റോ അവതരിപ്പിക്കണം.
ഫിത്വർസകാത്, ബലി മാംസം തുടങ്ങിയവ മുസ്‌ലിംകളല്ലാത്തവർക്കും നൽകാമെന്ന് വിശ്വസിക്കുന്നവർ പ്രദേശത്തെ അർഹരായവരെ ജാതി മത ഭേദമന്യേ പരിഗണിക്കണം. മുസ്‌ലിംകളല്ലാത്തവർക്ക് നൽകാൻ പാടില്ലെന്ന് വിശ്വസിക്കുന്നവർ സഹോദരസമുദായങ്ങൾക്ക് ആ സന്ദർഭത്തിൽ അരിയും മാംസവും ലഭ്യമാക്കാൻ മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണം. നമ്മുടെ ആഘോഷങ്ങൾ അവർക്കു കൂടി അനുഗ്രഹവും ആഹ്ലാദദായകവുമായിരിക്കണം.